കൂത്തുപറമ്പ്:കാലവർഷം ശക്തി പ്രാപിച്ചതോടെ മമ്പറം പുഴ കരകവിയൽ ഭീഷണിയിലായി. പാലം നിർമ്മാണത്തിന്റെ ഭാഗമായി പുഴയിൽ തള്ളിയ മണ്ണ് നീക്കം ചെയ്യാത്തതാണ് വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയിട്ടുള്ളത്. രണ്ടുവർഷത്തോളമായി തുടരുന്ന മമ്പറം പാലം നിർമ്മാണത്തിന്റെ ഭാഗമായി ലോഡ് കണക്കിന് മണ്ണാണ് പുഴയിൽ തള്ളിയിട്ടുള്ളത്.
പുഴയുടെ പകുതിയോളം ഭാഗവും മണ്ണിട്ട് നികത്തിയതിനാൽ അവശേഷിക്കുന്ന ഭാഗത്ത് കൂടി മാത്രമെ നീരൊഴുക്കുള്ളു. മണ്ണിട്ട ഭാഗങ്ങളിൽ വെള്ളം പൂർണ്ണമായും ഒഴുകിപ്പോകാതെ കെട്ടി നിൽക്കുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ കാലവർഷത്തിലും പുഴയിൽ വെള്ളം കെട്ടി നിന്നത് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് ഇടയാക്കിയിരുന്നു. പുഴയിലെ മണ്ണ് മാറ്റത്തതിനെ തുടർന്ന് 40 ഓളം കുടുംബങ്ങളാണ് കഴിഞ്ഞ വർഷം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നതെന്ന് പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവർ പറഞ്ഞു.
നിലവിലുള്ള പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണുള്ളത്. പുഴയുടെ മധ്യഭാഗത്തായി വരുന്ന മെയിൻ സ്ലാബിന്റെ നിർമ്മാണമാണ് അവശേഷിക്കുന്നത്. മെയിൻ സ്ലാബിന്റെ കോൺക്രീറ്റ് കൂടി പൂർത്തിയാകുന്നതോടെ മാത്രമെ പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ സാധിക്കുകയുള്ളു. ലോക് ഡൗണിന്റെ സാഹചര്യത്തിൽ പ്രവൃത്തികൾ നിർത്തിവച്ചതാണ് പാലം നിർമ്മാണം നീണ്ടു പോകാനിടയാക്കിയത്.