school
കോളേജ് ട്രസ്റ്റിന് വില്പന നടത്തിയ മണിയനോടിയിലെ വിവാദ വഖഫ് ഭൂമിയും സ്കൂൾ കെട്ടിടവും

കാസർകോട്: കോടികൾ വിലമതിക്കുന്ന ജാമിഅ സഅദിയ്യ ഇസ്ലാമിയ അനാഥ അഗതി മന്ദിരത്തിന്റെ കീഴിലുള്ള 2.3 ഏക്കർ ഭൂമിയും ഇവിടെ പ്രവർത്തിച്ചിരുന്ന സ്‌കൂൾ കെട്ടിടവും കോളോജ് ട്രസ്റ്റ് തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കിയെന്ന പരാതിയിൽ സംസ്ഥാന വഖഫ് ബോർഡ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി കാസർകോട് വഖഫ് ബോർഡ് ഓഫീസിന്റെ ചുമതല വഹിക്കുന്ന റിട്ട. കോഴിക്കോട് ഡിവിഷണൽ ഓഫീസർ യു. ജലീലിന്റെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥൻ അബ്ദുൽ കരീം ഇന്നലെ തൃക്കരിപ്പൂരിലെത്തി തെളിവെടുപ്പ് നടത്തി.

തൃക്കരിപ്പൂർ മുനവ്വിറുൽ മദ്രസയ്ക്ക് അടുത്തുള്ള അനാഥ അഗതി മന്ദിരം കമ്മിറ്റിയുടെ ഓഫീസിൽ എത്തിയ ഉദ്യോഗസ്ഥൻ വില്പന നടത്തിയതിന്റെ നിജസ്ഥിതി അന്വേഷിച്ചു.

വഖഫ് സ്വത്ത് വില്പന നടത്തിയത് സംബന്ധിച്ച പരാതിയിൽ അടിയന്തരറിപ്പോർട്ട് സമർപ്പിക്കാൻ വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡ്വ. ബി.എം. ജമാൽ കാസർകോടിന്റെ ചുമതലയുള്ള യു. ജലീലിനോട് ആവശ്യപ്പെട്ടിരുന്നു. ജാമിഅ സഅദിയ്യ ഇസ്ലാമിയ വൈസ് പ്രസിഡന്റ് പടന്നയിലെ പി.കെ. താജുദ്ദീൻ ദാരിമി , കിസ്സ സാംസ്‌കാരിക സമന്വയം ചെയർമാൻ അഡ്വ. സി. ഷുക്കൂർ എന്നിവർ രേഖാമൂലം നൽകിയ പരാതിയിലാണ് വഖഫ് ബോർഡ് അന്വേഷണം തുടങ്ങിയത്. സ്വത്ത് വില്പനയും കൈവശപ്പെടുത്തലും സംബന്ധിച്ച് ബന്ധപ്പെട്ട എതിർകക്ഷികൾക്ക് വഖഫ് ബോർഡ് നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം മറുപടി തരണമെന്നാവശ്യപ്പെട്ട് ഈ മാസം 15 നാണ് നോട്ടീസ് അയച്ചത്.

എം.എൽ.എ ഉൾപ്പെടുന്ന അനാഥ അഗതി മന്ദിരത്തിന്റെയും കോളേജ് ട്രസ്റ്റിന്റെയും ഭാരവാഹികൾക്ക് പുറമെ തൃക്കരിപ്പൂർ സബ് രജിസ്ട്രാർ, കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. വഖഫ് ഭൂമിയാണിതെന്ന് തെളിഞ്ഞാൽ സ്ഥലം രജിസ്റ്റർ ചെയ്യാൻ കൂട്ടുനിന്നെന്ന കുറ്റത്തിന് തൃക്കരിപ്പൂർ സബ് രജിസ്ട്രാറും നടപടി നേരിടേണ്ടി വന്നേക്കും.


ബൈറ്റ്

നിയമവിരുദ്ധമായാണ് രജിസ്‌ട്രേഷൻ നടപടികൾ ചെയ്തതെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. വഖഫ് സ്വത്ത് വിൽക്കുകയോ വാങ്ങുകയോ കൈമാറ്റം ചെയ്യുകയോ പാടില്ലെന്ന് 2013 ൽ കോടതി വിധിയുണ്ട്. വഖഫ് ഭൂമി നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നവർക്ക് എതിരെ ക്രിമിനൽ നടപടി എടുക്കാനും അധികാരമുണ്ട്. അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടാൽ തൃക്കരിപ്പൂരിലെ വഖഫ് സ്വത്ത് തിരിച്ചുപിടിക്കും.

അഡ്വ. ബി എം ജമാൽ
(ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വഖഫ് ബോർഡ് , എറണാകുളം)