കണ്ണൂർ: ജില്ലയിൽ എട്ട് പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്നു പേർക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ജൂൺ 10ന് ദമാമിൽ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി 38കാരൻ, 12ന് കുവൈറ്റിൽ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 29കാരൻ, നാലിന് അബുദാബിയിൽ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 19കാരൻ, 7ന് കസാക്കിസ്ഥാനിൽ നിന്നെത്തിയ അലവിൽ സ്വദേശി 51 കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ഡൽഹി, ബംഗളൂരു വഴി ഏഴിനെത്തിയ ഹരിയാന സ്വദേശി 27കാരൻ, ബംഗളൂരുവിൽ നിന്ന് 15നെത്തിയ കണ്ണൂർ സ്വദേശി 45കാരൻ, ജൂൺ അഞ്ചിന് ചെന്നൈയിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി 45കാരി എന്നിവരാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. മാലൂർ സ്വദേശിയായ 53കാരനാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 332 ആയി. ഇതിൽ 225 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരിൽ 20 പേർ ഇന്നലെയാണ് ഡിസ്ചാർജായത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാളും, കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആറുപേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന 11പേരുമാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ജില്ലയിൽ 14946 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ 11618 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 11297 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 10641 എണ്ണം നെഗറ്റീവാണ്. 321 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.