gandhi
പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയത്തിനായി ഒരുക്കിയ താത്കാലിക കെട്ടിടം

കേന്ദം അനുവദിച്ചത് 4.45 കോടി

പയ്യന്നൂർ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്മരണ നിലനിർത്താനും ഗാന്ധി ദർശനങ്ങൾ പുതുതലമുറയിലേക്ക് പകർന്നു നൽകാനും ലക്ഷ്യമിട്ട് പയ്യന്നൂരിൽ തുടങ്ങുവാൻ ഉദ്ദേശിക്കുന്ന ഗാന്ധി സ്മൃതി മ്യൂസിയം നിർമ്മാണത്തിന് സാഹചര്യമൊരുങ്ങുന്നു. പയ്യന്നൂരിൽ ഗാന്ധി സ്മൃതി മ്യൂസിയം സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണെന്നും 4.45 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് കണക്കാക്കിയിട്ടുള്ളതെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി.യെ അറിയിച്ചു.

കഴിഞ്ഞ നാലുവർഷമായി ചലനമറ്റു കിടന്ന പദ്ധതിക്കാണ് ഇതോടെ അനക്കം വയ്ക്കുന്നത്. പയ്യന്നൂർ കേളോത്തുള്ള ഖാദി കേന്ദ്രത്തിൽ നിലവിലുള്ള ഒരു കെട്ടിടത്തിലാണ് മ്യൂസിയം സ്ഥാപിക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നത്. നാലു പതിറ്റാണ്ടോളം പഴക്കമുള്ള റോഡരികിനോട് ചേർന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാണ് മ്യൂസിയത്തിനായി ഒരുക്കിയത്. 2016 മാർച്ച് 4 ന് സി. കൃഷ്ണൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ അന്നത്തെ ഖാദി - സഹകരണ വകുപ്പ് മന്ത്രി സി.എൻ. ബാലകൃഷ്ണനാണ് ഗാന്ധി സ്മൃതി മന്ദിരം ഉദ്ഘാടനം ചെയ്തത്.