കണ്ണൂർ: കണ്ണൂർ ജില്ലയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് നൂറു ദിവസം തികയുമ്പോൾ സ്ഥിതി കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. സമൂഹവ്യാപനത്തിന്റെ സൂചനയെ തുടർന്ന് നഗരം പൂർണമായും അടച്ചിട്ടുവെങ്കിലും ജനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇനിയുള്ള ദിവസങ്ങളിൽ കൊവിഡിന് എതിരായ പോരാട്ടത്തിൽ കൂടുതൽ ജാഗ്രത ആവശ്യപ്പെടുകയാണ് ആരോഗ്യവകുപ്പ്.
മാർച്ച് 12നാണ് ജില്ലയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ജില്ലയിൽ 332 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ 204 പേർ രോഗം ഭേദമായി ആശുപത്രിവിട്ടത് ആശ്വാസം പകരുന്നു. ഇതുവരെ നാലുപേരാണ് മരണമടഞ്ഞത്.
ഇതിൽ ഏറെ വ്യത്യസ്തമായിരുന്നു കഴിഞ്ഞദിവസമുണ്ടായ എക്സൈസ് ഉദ്യോഗസ്ഥന്റെ മരണം. അദ്ദേഹത്തിന് മറ്റു രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. 28 വയസുണ്ടായിരുന്ന ഈയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തവുമല്ല.
രോഗബാധിതനായി ദിവസങ്ങൾക്കുള്ളിലായിരുന്നു മരണം. അതുകൊണ്ടുതന്നെ സംഭവത്തിൽ വിദഗ്ധപരിശോധന നടത്താൻ സ്പെഷാലിറ്റി ഡോക്ടർമാരുടെ പ്രത്യേകസംഘത്തെ നിയോഗിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. കൂടുതൽ തീവ്രസ്വഭാവമുള്ള വൈറസ് ബാധിച്ചതാകാം അദ്ദേഹത്തെ പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
ഭൂരിഭാഗത്തിനും ലക്ഷണമില്ല
കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി കൂടുന്നതിനു പുറമെ പലർക്കും ലക്ഷണങ്ങൾ വൈകിമാത്രം കണ്ടു തുടങ്ങുന്നതും ആരോഗ്യ വിദഗ്ധരെ കുഴക്കുന്നുണ്ട്. ഒളിച്ചു കളിക്കുന്ന കൊവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്താൻ തുടങ്ങിയതോടെയാണ് കൂടുതൽ സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ലക്ഷണമില്ലാതെ രോഗം 63.5 %
ലക്ഷണം കണ്ടത് 36.5 %