ചികിത്സാചെലവ് വാഗ്ദാനം പാലിക്കാതെ കർണാടക സർക്കാർ

കാസർകോട് :കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രിയിൽ നിന്നും മാറ്റിയ രോഗികളെ റോഡരികിൽ തള്ളി മംഗളൂരുവിലെ സ്വകാര്യാശുപത്രികളുടെ ക്രൂരത. കർണാടക സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മംഗളൂരു വെൻലോക് ആശുപത്രിയിൽ നിന്ന് ചികിത്സക്കായി മാറ്റിയ നാലു വൃദ്ധരെയാണ് സ്വകാര്യ ആശുപത്രി അധികൃതർ റോഡരികിൽ തള്ളിയത്. ഗുരുതരമായ അസുഖം ബാധിച്ചവരും ഹൃദ്രോഗികളും ഉൾപ്പെടെയുള്ളവരാണിവർ.

തലപ്പാടിയിലെ രമേഷ് (72), പുത്തൂരിലെ സുന്ദർ (76), ഉപ്പിനങ്ങാടിയിലെ രഘുറാം (68), ബെഞ്ചനപദവിലെ ശ്രീനിവാസ് (74) എന്നിവരെയാണ് രാത്രി റോഡരികിൽ ഇറക്കിവിട്ടത്. ഇവരുടെയാരുടേയും ബന്ധുക്കളും കൂടെയില്ലായിരുന്നു. വെൻലോക് ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റിയതിനെ തുടർന്ന് ഇവിടെയുണ്ടായിരുന്ന മറ്റ് രോഗികളെ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. വെൻലോക് ആശുപത്രിയിൽ നൽകിയിരുന്ന എല്ലാ ചികിത്സകളും സ്വകാര്യ ആശുപത്രിയിൽ സർക്കാർ ചെലവിൽ ലഭിക്കുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. എന്നാൽ ഇവരുടെ ചികിത്സക്ക് സർക്കാർ പണം നൽകിയില്ലെന്ന് ആരോപിച്ചാണ് സ്വകാര്യ ആശുപത്രി അധികൃതർ രോഗികളെ രാത്രിയിൽ വാഹനത്തിൽ കയറ്റി നഗരത്തിൽ ഇറക്കിവിട്ടത്. പെരുമഴയിൽ തണുത്തുവിറച്ച് ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ഇവരെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേദിവസം രാവിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഇവരെ സമീപിച്ച് കാര്യമന്വേഷിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

ഓട്ടോഡ്രൈവർമാർ ഇവർക്ക് ഭക്ഷണവും സമീപത്തെ വ്യാപാരികൾ പുതപ്പും വാങ്ങിക്കൊടുത്തു. വൃദ്ധരായ രോഗികളെ പെരുവഴിയിൽ തള്ളിയ സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ സിന്ധു ബി.രൂപേഷ് ഇടപെട്ട് ഇവരെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.