കാസർകോട്: ഗൾഫിൽ നിന്നെത്തിയ സ്ത്രീ കാഞ്ഞങ്ങാട് നഗരത്തിൽ വാഹനത്തിനായി കാത്തുനിന്നത് മണിക്കൂറുകളോളം. ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 54 വയസുള്ള സ്ത്രീ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കെ.എസ്.ആർ.ടി.സി ബസിൽ കാഞ്ഞങ്ങാട്ടെത്തിയത്. അജാനൂർ കൊളവയലിലെ വീട്ടിലേക്ക് പോകാൻ സ്ത്രീ മണിക്കൂറുകളോളമാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിൽ വാഹനം കാത്തുനിന്നത്. ഇതിനിടെ പൊലീസിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു കൗൺസിലർ ഇടപെട്ട് ആംബുലൻസിൽ സ്ത്രീയെ വീട്ടിലേക്ക് വിടുകയായിരുന്നു.

നാട്ടിലേക്ക് വരുന്ന കാര്യം പഞ്ചായത്ത് അധികൃതരെയും പഞ്ചായത്ത് അംഗത്തെയും അറിയിച്ചിരുന്നുവെന്നും എന്നാൽ ആരും അന്വേഷിച്ചില്ലെന്നും വാഹനസൗകര്യം പോലും ഏർപ്പാടാക്കി നൽകിയില്ലെന്നും കൊളവയൽ സ്വദേശിനി ആരോപിച്ചു. ഭക്ഷണം പോലും കഴിക്കാതെയാണ് സ്ത്രീ കൊച്ചിയിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വന്നിരുന്നത്. സുരക്ഷാവസ്ത്രവും പെട്ടികളുമായി കാഞ്ഞങ്ങാട്ടെത്തിയ തന്നെ അധികൃതർ തിരിഞ്ഞുനോക്കാതിരുന്നത് ഏറെ മനപ്രയാസമുണ്ടാക്കിയെന്നും സ്ത്രീ വ്യക്തമാക്കി.

വീട്ടിൽ ക്വാറന്റൈനിൽ കഴിയാമെന്ന് കൊളവയൽ സ്വദേശിനി നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. ചാർട്ടേഡ് വിമാനത്തിൽ വരുന്നവരുടെ വിവരം കൃത്യമായി ലഭിക്കാതിരുന്നതാകാം കൊളവയൽ സ്വദേശിനിയെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഫെബ്രുവരി 21നാണ് സന്ദർശകവിസയിൽ ഇവർ ഗൾഫിലുള്ള ഭർത്താവിനരികിലേക്ക് പോയത്. ഭർത്താവിനൊപ്പം മാർച്ച് 20ന് തിരികെ വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും കൊവിഡ് വ്യാപനം അതിന് തടസമാകുകയായിരുന്നു.