പരിയാരം: കാഞ്ഞങ്ങാടുനിന്നും രോഗിയുമായി എത്തിയ ആംബുലൻസ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ബൈത്തുൽ ഇർഷാദിലെ അബ്ദുൾ ഖാദർ (63), ഭാര്യ ജമീല (47), മകൻ മുഹമ്മദ് ഫാസിൽ (27), ആംബുലൻസ് ഡ്രൈവർ പെരിയ കുണിയയിലെ എൻ.പി. ഷംസീർ (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെ ഏഴരയോടെ ദേശീയപാതയിൽ പരിയാരം അലക്യം പാലത്തിന് സമീപത്തായിരുന്നു അപകടം. കാഞ്ഞങ്ങാടുനിന്നും വരികയായിരുന്ന പെരിയ കുണിയയിലെ ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ ആംബുലൻസാണ് അപകടത്തിൽപെട്ടത്.

ഹൃദയസംബന്ധമായ രോഗം ബാധിച്ചിരുന്ന അബ്ദുൾ ഖാദറിനെ കണ്ണൂർ മെഡിക്കൽ കോളജിലെത്തിക്കുന്നതിനിടയിൽ സ്റ്റിയറിംഗ് മുറിഞ്ഞതിനെ തുടർന്ന് നിയന്ത്രണംവിട്ട ആംബുലൻസ് റോഡിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു.

രോഗിയായിരുന്ന അബ്ദുൾ ഖാദറിനും ഭാര്യ ജമീലയ്ക്കുമാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഓടിക്കൂടിയവരാണ് മറ്റൊരു ആംബുലൻസിൽ ഇവരെ ആശുപത്രിയിലെത്തിച്ചത്.

മുമ്പുണ്ടായ അപകടത്തെ തുടർന്ന് കാലുകളിൽ സ്റ്റീലിട്ടിരുന്ന ജമീലയുടെ കാലുകൾക്ക് വീണ്ടും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ആംബുലൻസ് തകർന്നു. വിവരമറിഞ്ഞയുടൻ പരിയാരം പൊലീസ് സംഭവസ്ഥലത്തെത്തിയാണ് ദേശീയപാതയിലെ ഗതാഗത തടസമൊഴിവാക്കിയത്.