road
കപ്പണത്തട്ടിൽ റോഡ് ഇടിഞ്ഞ സ്ഥലത്ത് തോരണം കെട്ടിയ നിലയിൽ

തളിപ്പറമ്പ്: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയ്ക്ക് താഴെ താമസിക്കുന്നവർക്ക് ഉറക്കമില്ലാത്ത രാത്രികൾ. തളിപ്പറമ്പ് കപ്പണത്തട്ട് വളവിലാണ് ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതുടങ്ങിയത്. മഴയ്ക്ക് മുമ്പായി തന്നെ മണ്ണിടിച്ചിൽ ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് ദേശീയപാത അധികൃതർക്ക് വിവരം നൽകിയിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല. സമാധാനമായി ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇന്നാട്ടുകാർ.

ഏത് സമയത്താണ് ഇടിയാൻ തുടങ്ങിയ റോഡിൽ നിന്ന് വാഹനങ്ങൾ താഴേക്ക് പതിക്കുകയെന്നറിയാത്ത അവസ്ഥയിലാണ്. ഇവിടെ ഒരു അപകടമുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാൻ ദേശീയപാത വിഭാഗം തയ്യാറാകാത്തതിനെ തുടർന്ന് നാട്ടുകാർ മുൻകൈയെടുത്ത് ഇവിടെ ചുവപ്പുകൊടിയും റിബണുകളും കെട്ടിത്തൂക്കിയിരിക്കയാണ്. ഇതൊക്കെ പകൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുമെങ്കിലും കനത്തമഴയിൽ രാത്രികാലങ്ങളിൽ അപകടമുന്നറിയിപ്പ് കാണാതെ പോകുന്ന വാഹനങ്ങൾ താഴേക്ക് പതിക്കാനിടയുണ്ട്. റോഡ് ഇടിഞ്ഞ ഭാഗത്തുകൂടി മഴവെള്ളം കുത്തിയൊലിച്ചു തുടങ്ങിയതോടെ അവടെ ഭീഷണി കൂടിയിരിക്കുകയാണ്.

ദേശീയപാതയുടെ അനുബന്ധമായി പുതിയ ബൈപ്പാസ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായതോടെ നിലവിലുള്ള പാതയുടെ അറ്റകുറ്റപ്പണികൾക്കും സംരക്ഷണത്തിനും പണം അനുവദിക്കുന്നില്ലെന്നാണ് ദേശീയപാത വിഭാഗം പറയുന്നത്. അപകടം ഉണ്ടായശേഷം മാത്രമേ ബന്ധപ്പെട്ടവർ കണ്ണുതുറക്കുകയുള്ളൂ എന്ന അവസ്ഥയിലാണ് ഇപ്പോൾ .