കണ്ണൂർ: ഓരോ വ്യക്തിയും ശരിയായ രീതിയിൽ കൊവിഡ് ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറായാൽ മാത്രമേ വൈറസിന്റെ വ്യാപനം തടയാനാവൂ എന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു. കളക്ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിയന്ത്രണങ്ങളിൽ ഇളവുണ്ടെന്നു കരുതി അത് ദുരുപയോഗപ്പെടുത്തുന്നത് ശരിയല്ല.കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് മരിച്ച സിവിൽ എക്‌സൈസ് ഓഫീസർ ഉൾപ്പെടെയുള്ളവരുടെ സമ്പർക്ക പട്ടിക വളരെ വലുതാണ്. ഇതുവഴി രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുന്നു. രോഗവ്യാപനം തടയാൻ അടച്ചിടൽ ഉൾപ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങൾ കൂടിയേതീരൂ. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ലെന്നും സുരക്ഷ മുൻനിർത്തിയാണെന്നുമുള്ള തിരിച്ചറിവുണ്ടാകണം. വ്യാപന ഭീഷണി ഇല്ലാതാവുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. കൂടെ ഡെങ്കിപ്പനിക്കെതിരായ ജാഗ്രതയിൽ വീഴ്ചയുണ്ടായവരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കളക്ടർ ടി.വി സുഭാഷ്, അഡീഷനൽ എസ്.പി പ്രജീഷ് തോട്ടത്തിൽ, എ.ഡി.എം ഇ.പി മേഴ്‌സി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.കെ ഷാജ് പങ്കെടുത്തു.