കണ്ണൂർ: ജില്ലയിൽ നാലു പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നു പേർക്കും ഗുജറാത്തിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധ. അതേസമയം രണ്ടു പേർ രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടു.
കണ്ണൂർ വിമാനത്താവളം വഴി ജൂൺ 11ന് കുവൈറ്റിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി 35കാരൻ, 14ന് കുവൈറ്റിൽ നിന്നെത്തിയ എരമം കുറ്റൂർ സ്വദേശി 43കാരി, കരിപ്പൂർ വിമാനത്താവളം വഴി ആറിന് ബഹറിനിൽ നിന്നെത്തിയ മാടായി സ്വദേശി 30കാരൻ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവർ. 10ന് ഗുജറാത്തിലെ ജാംനഗറിൽ നിന്നാണ് പയ്യന്നൂർ സ്വദേശി 25കാരി നാട്ടിലെത്തിയത്.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 336 ആയി. ഇതിൽ 227 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നടുവിൽ സ്വദേശി 27കാരനും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന തില്ലങ്കേരി സ്വദേശി 77കാരിയുമാണ് ഇന്നലെ ഡിസ്ചാർജായത്.
നിലവിൽ ജില്ലയിൽ 16014 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ 11883 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 11498 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 10830 എണ്ണം നെഗറ്റീവാണ്. 385 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.