കാസർകോട്: എൻമകജെ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സർപ്പമല പട്ടികജാതി കോളനിയിലെ ബാബുവിന്റെയും കുസുമത്തിന്റയും ഓലയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മറച്ച കുടിലിലേക്കും ടിവിയും ഡിഷും എത്തി. പെർള സത്യനാരായണ ഹൈസ്കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാർത്ഥി പ്രദീപ്, നാലാം ക്‌ളാസ് വിദ്യാർത്ഥിനി പ്രണമ്യ എന്നിവർക്കാണ് ഓൺലൈൻ പഠനസൗകര്യം ലഭിച്ചത്.
ലൈഫ് ഭവന പദ്ധതി പ്രകാരം ഇവർക്ക് വീട് പാസായിട്ടുണ്ട്. ഓൺലൈൻ ക്‌ളാസ് കിട്ടാതെ വിഷമിക്കുന്ന മക്കളുടെ സങ്കടം ബാബുവും കുസുമവും അറിയിച്ചതിനെ തുടർന്ന് ബി.ജെ.പി എട്ടാം വാർഡ് കമ്മിറ്റിയാണ് ടിവി എത്തിച്ചത്. എൻമകജെ പഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ രൂപവാണി ആർ ഭട്ട് കുടിലിലെത്തി ഇവ കൈമാറി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദയ ചെട്ടിയാരും ഒപ്പമുണ്ടായിരുന്നു.
സർപ്പമല കോളനിയിലെ ബാബുവിന്റെ കുടിലിലേക്ക് ഡിഷും അനുബന്ധ ഉപകരണങ്ങളും എൻമകജെ പഞ്ചായത്ത് മുൻ പ്രസിഡന്റ് രൂപവാണി ആർ. ഭട്ട് കൈമാറുന്നു