കണ്ണൂർ: ഓൺ ലൈൻ പഠനത്തിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ അതേപടി പിന്തുടരാൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി സമഗ്ര ശിക്ഷ കേരളം പ്രത്യേക പരിശീലന പരിപാടിക്ക് രൂപം നൽകുന്നു.'വൈറ്റ് ബോർഡ് ' എന്ന പേരിലുള്ള ഈ പദ്ധതി വഴി അനുരൂപീകരണം സാധ്യമാവുന്ന വിധത്തിൽ 168 പഠന വീഡിയോകൾ തയ്യാറായി. ഇന്നു മുതൽ കുട്ടികൾക്ക് ഈ സൗകര്യം ലഭിക്കും.
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പഠനസാമഗ്രികൾ ഉണ്ടാവും. ഓട്ടിസം, സെറിബ്രൽ പാൾസിയുള്ള കുട്ടികൾ, കാഴ്ച, കേൾവി, ബുദ്ധിപരിമിതിയുള്ളവർ പഠന വൈകല്യമുള്ളവർ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് വേണ്ടിയാണ് വീഡിയോകൾ തയ്യാറാക്കിയിട്ടുള്ളത്.
കണ്ണൂർ ജില്ലയിൽ 3493 ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി 126 റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തിൽ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പുകളിലൂടെ, രക്ഷിതാക്കൾ മുഖേനയാണ് ക്ലാസുകൾ നൽകുന്നത്.
സംസ്ഥാനത്തെ മുഴുവൻ ബി.ആർ.സികളും അതതു ബി ആർ സികൾക്കു ചുമതല ലഭിച്ചിട്ടുള്ള ക്ലാസ്സ്, വിഷയം, ഭിന്നശേഷി വിഭാഗം എന്നതിനെ ആസ്പദമാക്കി ഓരോ വിഭാഗത്തിലെയും കുട്ടികളെ പൊതുവായി കണ്ടുകൊണ്ടാണ് അനുരൂപീകരണ പ്രവർത്തന വീഡിയോകളും വർക്ക് ഷീറ്റുകളും തയ്യാറാക്കിയിട്ടുള്ളത്..
ബൈറ്റ്
മുഴുവൻ റിസോഴ്സ് ടീച്ചേഴ്സും തങ്ങളുടെയും ബി ആർ സി പ്രവർത്തകരുടെയും ഡയറ്റ് ഫാക്കൽറ്റിയുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ വീഡിയോകൾ ബി.ആർ.സിതല വിലയിരുത്തലിനും മാറ്റങ്ങൾക്കും ശേഷം ജില്ലാതല സ്ക്രീനിംഗ് കമ്മിറ്റിക്ക് ഇതിനകം കൈമാറി-
ടി.പി.. വേണുഗോപാൽ,സമഗ്രശിക്ഷാ കേരളം,ജില്ലാ കോ- ഓഡിനേറ്റർ