പഴയങ്ങാടി: മാടായി പഞ്ചായത്തിലെ തീരദേശ മേഖലയായ നീരൊഴുക്കുംചാൽ, പുതിയവളപ്പ് മാട്ടൂൽ പഞ്ചായത്തിലെ കക്കാടൻചാൽ, അരിയിൽചാൽ, മാട്ടൂൽ സൗത്ത് തുടങ്ങിയ തീരദേശങ്ങളിൽ കടലാക്രമണം ഈ വർഷവും രൂക്ഷം. രാത്രി കാലങ്ങളിലാണ് ജനങ്ങളെ ഒന്നാകെ ഭീതിയിലാഴ്ത്തി കടലിൽ നിന്നും വെള്ളം കരയിലേക്ക് ശക്തമായി അടിച്ച് കയറുന്നത്.
വേലിയേറ്റ സമയത്ത് കടൽ പ്രക്ഷുബ്ധതമാകുന്നത് പതിവാണ്. മാട്ടൂൽ പഞ്ചായത്തിലെ കക്കാടൻചാൽ പ്രദേശത്താണ് കടലാക്രമണം കൂടുതലായി ഉണ്ടാകുന്നത്. രാത്രിയിൽ റോഡും മറികടന്ന് വീടുകളിലേക്ക് വെള്ളം കയറുകയാണ്. കിലോമീറ്ററുകളോളം വരുന്ന തീരദേശറോഡ് പൂർണമായും കടലെടുത്ത നിലയിലാണ്. കരയിലേക്ക് ഇരച്ചു കയറിയ വെള്ളത്തിന് കറുപ്പ് നിറവും രൂക്ഷമായ ഗന്ധവുമുണ്ട്. പല സ്ഥലങ്ങളിലും കടൽഭിത്തി തകർന്നു. തെങ്ങുകൾ കടപുഴകി വീഴാറായ അവസ്ഥയിലും. അരിയിൽ ചാലിൽ കാറ്റാടി മരങ്ങൾ കടപുഴകി വീഴുന്നു. കടലാക്രമണം ഉണ്ടാകുമ്പോൾ പ്രദേശത്തെ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ അധികൃതർ ശ്രമം നടത്താറുണ്ടങ്കിലും ആരും തന്നെ വീട് വിട്ട് പോകാറില്ല.
മാട്ടൂൽസൗത്ത് പുലിമുട്ട്, മഞ്ഞതോട്, ബിരിയാണി റോഡ് ,കക്കാടൻചാൽ ഭാഗങ്ങളിൽ കടലാക്രമണം ശക്തമാകുന്നുണ്ട്. സമീപ പ്രദേശങ്ങളായ മാടായി പഞ്ചായത്തിലെ നീരുഴുക്കുംചാൽ, പുതിയങ്ങാടി ബീച്ച് റോഡ് എന്നിവിടങ്ങളിലും കടലാക്രമണം സമാനമാണ്. കടലിൽ വേലിയേറ്റം കൂടുതൽ ശക്തമായാൽ കടലാക്രമണവും രൂക്ഷമാണിവിടെ. ഏറെ അപകടസാദ്ധ്യതയുള്ള തീരദേശ മേഖലയാണിത്. മഞ്ഞത്തോട് ഭാഗത്ത് തിരമാലകൾ അടിച്ച് കരയിലേക്ക് ശക്തമായി കയറി വരുന്നുണ്ട്. ഈ ഭാഗങ്ങളിലെ കരിങ്കൽ ഭിത്തികൾ പൂർണ്ണമായും തകർന്ന നിലയിലാണ്. ഇവിടെ താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഭീതിയിലാണ് .
തകർന്നടിഞ്ഞ പ്രതിരോധം
മാട്ടൂൽ, മാടായി പഞ്ചായത്തുകളിലെ ഈ പ്രദേശത്ത് സംരക്ഷണഭിത്തികൾ പുനർ നിർമ്മിക്കുന്നതിനായി 65 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭിത്തി നിർമ്മിച്ചെങ്കിലും പലഭാഗത്തും തകർന്ന് കിടക്കുകയാണ്. കടൽഭിത്തികൾ തകർത്തുള്ള മണൽകടത്തും അഴീക്കൽ ഭാഗത്തുള്ള പുലിമുട്ടുമാണ് ഈ പ്രദേശത്തുള്ള കടലാക്രമണത്തിന് പ്രധാന കാരണം. നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ പലതവണ കടലാക്രമണം ഉണ്ടായിട്ടുണ്ട്.
ബൈറ്റ്
കടലാക്രമണം ആരംഭിച്ചതോടെ ഭീതിയിലാണ്. മാട്ടൂൽ, മാടായി പഞ്ചായത്തുകളും ജില്ല ഭരണകൂടവും ഇടപെട്ട് ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം- തീരദേശവാസികൾ
1. കടൽഭിത്തി പലയിടത്തും തകർന്നു
2. രാത്രികാലത്ത് സ്ഥിതി രൂക്ഷം
3. തീരദേശറോഡ് കടലെടുത്തു
4. കക്കാടൻചാൽ കൂടുതൽ പ്രതിസന്ധിയിൽ
5. ഇരച്ചു കയറിയ വെള്ളത്തിന് കറുപ്പ് നിറവും ഗന്ധവും
6. കാറ്റാടി മരങ്ങളും തെങ്ങുകളും കടപുഴകുന്നു