കാസർകോട്: മൂന്നാം ഘട്ടത്തിൽ ഇതുവരെയായി 217 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും സമൂഹ വ്യാപന സാദ്ധ്യതയും മരണവും ഒഴിവാക്കിയ നാട്ടിൽ മഴക്കാല പകർച്ചവ്യാധികളുടെ വ്യാപനം തടയാനും ബോധവത്കരണ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നവമാദ്ധ്യമം ഉപയോഗിച്ച് "ക്ലിക് ഫോർ ഹെൽത്ത്" എന്ന പേരിൽ ആരോഗ്യവകുപ്പിന്റെ ഓൺലൈൻ കാമ്പയിൻ ഇന്ന് തുടങ്ങും.
ജില്ലയുടെ മലയോര പഞ്ചായത്തുകളിലായി ആയിരത്തിലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നത് ഗൗരവത്തിലെടുത്താണ് കാമ്പയിൻ. കൂടാതെ മലേറിയ ,എലിപ്പനി , മഞ്ഞപിത്തം ,വയറിളക്കം ,തുടങ്ങിയ പകർച്ചവ്യാധികളുമുണ്ട് . മുൻവർഷങ്ങളിൽ ജാഥകളിലൂടെയായിരുന്നു ബോധവത്കരണം നടത്തിയിരുന്നത്.
ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ജില്ലയിലെ വിദഗ്‌ദ്ധ ഡോക്ടർമാർ പകർച്ചവ്യാധികളെ കുറിച്ചുള്ള ഓൺലൈൻ ടോക്ക് നവമാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യും . കൊവിഡ് 19 ഫേസ്ബുക്പേജ് , എൻ എച്ച് എം കാസർകോട് ഫേസ്ബുക് പേജ് , coronacontrolcelksd.in വെബ്‌പോർട്ടൽ , എൻ എച്ച് എം യു ട്യൂബ് ചാനൽ, വാട്സാപ്പ് എന്നിവയിലൂടെ യാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് . ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിൽ ബോധവത്കരണ പാവകളി , കിറ്റി ഷോ , മൊബൈൽ ഷോർട്ട് ഫിലിം മത്സരം , മാജിക് ഷോ തുടങ്ങിയവ പ്രചരിപ്പിക്കും.