കാസർകോട്: ജില്ലയിൽ ഇന്നലെ ആറു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തു നിന്ന് വന്നവരും മൂന്നു പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.

മേയ് 23 ന് ടാക്സി കാറിൽ എത്തിയ ഏഴ് വയസുള്ള മംഗൽപാടി സ്വദേശിക്കും ജൂൺ അഞ്ചിന് ട്രെയിനിന് വന്ന 52 വയസുള്ള മംഗൽപാടി സ്വദേശിനിക്കും ഇവരുടെ 30 വയസുള്ള മകൾക്കും 13 ന് ദുബായിൽ നിന്നെത്തിയ 38 വയസുള്ള പള്ളിക്കര സ്വദേശിക്കും 12 ന് കുവൈത്തിൽ നിന്നു വന്ന 44 വയസുള്ള ചെങ്കള സ്വദേശിക്കും 11 ന് കുവൈത്തിൽ നിന്നെത്തിയ 34 വയസുള്ള മംഗൽപാടി സ്വദേശിക്കും ഇന്ന് കൊവിഡ് പോസിറ്റീവായി.

ഉദയഗിരി സി.എഫ്.എൽ.ടി.സിയിൽ കൊവിഡ് ചികിത്സയിലായിരുന്ന രണ്ടു പേർക്ക് കൊവിഡ് നെഗറ്റീവായി. 29 വയസുള്ള ചെമ്മനാട് സ്വദേശി, 62 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി എന്നിവർക്കാണ് രോഗം ഭേദമായത്. ഇരുവരും മഹാരാഷ്ട്രയിൽ നിന്നെത്തിയവരായിരുന്നു ജില്ലയിൽ നിലവിൽ 4729 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 570 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചപ്പോൾ 154 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.