കാസർകോട്: അന്യസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്കുള്ള മദ്യക്കടത്ത് പിടികൂടാൻ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 89.37 ലിറ്റർ കർണാടക മദ്യവും 11 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. ഒരു അബ്കാരി കേസും 11 കോട്പ കേസും രജിസ്റ്റർ ചെയ്തു. ഒരു ബൈക്ക് പിടിച്ചെടുക്കുകയും 2200 രൂപ പിഴയും ഈടാക്കി. കുമ്പള റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയിൽ മഞ്ചേശ്വരം കടമ്പാർ വില്ലേജിൽ കുളവയലിൽ നിന്ന് ഇരുചക്ര വാഹനത്തിൽ കടത്തുകയായിരുന്ന 89.37 ലിറ്റർ കർണാടക മദ്യം പിടികൂടുകയായിരുന്നു.
സംഭവത്തിൽ ജോൺ ഡിസൂസ, വിൽട്ടർ ഡിസൂസ എന്നിവരുടെ പേരിൽ കേസെടുത്തു. പ്രതികൾ രക്ഷപെട്ടു. കുമ്പള പ്രിവന്റീവ് ഓഫീസർ പി. രാജീവൻ, സി.ഇ.ഒമാരായ പി.എസ് പ്രിഷി, ടി. കണ്ണകുഞ്ഞി, കെ. ഗണേഷ്, മേയ്‌മോൾ ജോൺ, ഇ.കെ സത്യൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ബദിയടുക്ക റേഞ്ച്, ഹോസ്ദുർഗ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നാട്ടക്കല്ല്, ചേറ്റുകുണ്ട് എന്നിവിടങ്ങളിൽ നിന്ന് 11 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.