കണ്ണൂർ: ജില്ലയിൽ 10 പേർക്കു ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ നാലു പേർ വിദേശത്തുനിന്നും ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അതേസമയം ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു.
ജൂൺ 10ന് സൗദി അറേബ്യയിൽ നിന്നെത്തിയ ശ്രീകണ്ഠാപുരം സ്വദേശി 45കാരൻ, 18ന് കുവൈറ്റിൽ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 36കാരൻ, അന്നേദിവസം ഒമാനിൽ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 39കാരൻ, 12ന് കുവൈറ്റിൽ നിന്നെത്തിയ മേലെ ചൊവ്വ സ്വദേശി 59കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറു പേരിൽ മൂന്നു പേർ അന്യ സംസ്ഥാനക്കാരായ സി.ഐ.എസ്.എഫുകാരാണ്. മേയ് 27ന് മുംബൈയിൽ നിന്ന് സ്‌പെഷ്യൽ ട്രെയിനിൽ എറണാകുളം വഴിയെത്തിയ രാമന്തളി സ്വദേശി 26കാരൻ, ജൂൺ എട്ടിന് മംഗള എക്സ്പ്രസിൽ ഡൽഹിയിൽ നിന്നെത്തിയ നടുവിൽ സ്വദേശി 25കാരി, ജൂൺ 18ന് ചെന്നൈയിൽ നിന്ന് ബസ് മാർഗം എത്തിയ പാനൂർ സ്വദേശി 44കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 346 ആയി. ഇതിൽ 230 പേർ രോഗമുക്തി നേടി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തില്ലങ്കേരി സ്വദേശി 24കാരൻ, കണ്ണൂർ സ്വദേശി 14കാരൻ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉദയഗിരി സ്വദേശി 44കാരൻ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
നിലവിൽ ജില്ലയിൽ 16773 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ 12152 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 11603 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 10925 എണ്ണം നെഗറ്റീവാണ്. 549 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

അഞ്ചു വാർഡുകൾ കൂടി ഹോട്ട്സ്‌പോട്ട്
ജില്ലയിൽ അഞ്ചു വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ ഉത്തരവിട്ടു. പയ്യന്നൂർ നഗരസഭയിലെ 31, 42 വാർഡുകൾ, മാടായി പഞ്ചായത്തിലെ ഏഴാം വാർഡ്, ശ്രീകണ്ഠാപുരം നഗരസഭയിലെ 26ാം വാർഡ്, പാനൂർ നഗരസഭയിലെ 31ാം വാർഡ് എന്നിവയാണ് പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്.
അതേസമയം, നടുവിൽ 1, പന്ന്യന്നൂർ 6, പാനൂർ 31, 32, ചെറുപുഴ 14, മട്ടന്നൂർ 19, മുഴപ്പിലങ്ങാട് 8 എന്നീ വാർഡുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.