ep-jayarajan
കെ. സുരേന്ദ്രന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കുന്ന മന്ത്രി ഇ.പി. ജയരാജൻ

കണ്ണൂർ: അധികാര സ്ഥാനങ്ങളുമായി പൊരുത്തപ്പെടാനല്ല, അകന്നു കഴിയാനാണ് കെ. സുരേന്ദ്രൻ എന്ന നേതാവ് എക്കാലവും ശ്രദ്ധിച്ചിരുന്നത്. രാഷ്ട്രീയ നേതാവെന്നതിലുപരി തൊഴിലാളി നേതാവ് എന്നു കേൾക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള നിരന്തര പോരാട്ടങ്ങളുടെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം.

ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നപ്പോൾ ഗ്രൂപ്പ് പോരുകളിൽ കുടുങ്ങിയ സംഘടനയ്ക്ക് പുതിയ ദിശാബോധം നൽകുകയായിരുന്നു അദ്ദേഹം. ഓഫീസ് സംവിധാനം കുറ്റമറ്റതാക്കി, പ്രവർത്തകരെ താഴെ തലം മുതൽ ചിട്ടയോടെ പ്രവർത്തിക്കാനുള്ള നിർദേശം നൽകി. എല്ലാ ചടങ്ങുകളും ബൂത്തുതലം മുതൽ നടപ്പിലാക്കണമെന്ന നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു.

തൊഴിലാളികളായിരുന്നു എന്നും കെ. സുരേന്ദ്രന്റെ കരുത്ത്. അസംഘടിത തൊഴിൽ മേഖല മുതൽ സംഘടിത മേഖല വരെയും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. പ്രത്യേകിച്ച് കൈത്തറി തൊഴിലാളികൾക്കൊപ്പമായിരുന്നു സുരേന്ദ്രൻ കഴിഞ്ഞിരുന്നത്. കണ്ണൂരിന്റെ പരമ്പരാഗത വ്യവസായമായ കൈത്തറിയെ മുഖ്യധാരയിലെത്തിച്ചാൽ മാത്രമെ കണ്ണൂരിന് വ്യവസായ വികസനം സാദ്ധ്യമാകൂ എന്നു ഉറച്ചുവിശ്വസിച്ചവരിൽ മുൻനിരയിലായിരുന്നു സുരേന്ദ്രൻ.

കെ. സുധാകരന്റെ വിശ്വസ്തൻ എന്ന നിലയിൽ കോൺഗ്രസ്സിൽ കൂടുതൽ സ്ഥാനങ്ങൾ തേടി വന്നതും അദ്ദേഹത്തെ കരുത്തനാക്കി. ഐ. എൻ.ടി.യു.സി ദേശീയ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ സുരേന്ദ്രന്റെ നിസ്വാർഥ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് സുരേന്ദ്രൻ എക്കാലവും അകലം കാത്തുസൂക്ഷിച്ചിരുന്നു. പ്രവർത്തകർക്കൊപ്പമാണ് അല്ലാതെ അധികാരത്തിലെത്താനുള്ള കുറുക്കുവഴി തനിക്ക് പഥ്യമല്ലെന്ന് അദ്ദേഹം തന്നെ വിളിച്ചു പറയും.

കോൻകാ പൊലീസ്, കിസ്കാ പൊലീസ്

ദേശീയ നേതാവ് എന്ന ലേബൽ കൂടിയായപ്പോൾ പ്രസംഗത്തിൽ അൽപ്പ സ്വൽപ്പം ഹിന്ദിയും ചേർത്തായി പ്രസംഗം. ശബ്ദം താഴ്ത്തിയും ഉയർത്തിയുമുള്ള അദ്ദേഹത്തിന്റെ പ്രസംഗ ശൈലി കൗതുകമുണർത്തുന്നതാണ്. പൊലീസ് സ്റ്റേഷൻ മാർച്ചുകൾ ഏതാനും അകലെ വച്ച് പൊലീസ് തടയുമ്പോൾ സുരേന്ദ്രന് ആവേശം തിളച്ചു മറിയും. കോൻകാ പൊലീസ്, കിസ്കാ പൊലീസ് എന്നൊക്കെ അങ്ങ് ഹിന്ദിയിൽ തട്ടും. ഇതു കേൾക്കുമ്പോൾ അണികളും ആവേശ കൊടുമുടിയിലെത്തും.

മുഖ്യമന്ത്രി അനുശോചിച്ചു

കോൺഗ്രസ് നേതാവ് കെ.. സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ഊർജ സ്വലനായ പൊതുപ്രവ‌ർത്തകനും കക്ഷി വ്യത്യാസങ്ങൾക്കതീതമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയൻ നേതാവുമായിരുന്നു കെ.. സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ദീർഘകാലത്തെ അടുപ്പമുള്ള ഒരു സുഹൃത്തിനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് മന്ത്രി രാചന്ദ്രൻ കടന്നപ്പള്ളി അനുശോചന കുറിപ്പിൽ പറഞ്ഞു. തൊഴിലാളി സംഘാടനത്തിൽ കഴിവും കരുത്തും തെളിയിച്ച തൊഴിലാളി നേതാവാണ്. രാഷ്ട്രീയ രംഗത്തും ഒരു പോലെ ശ്രദ്ധേയനായിരുന്നുവെന്നും കടന്നപ്പള്ളി പറഞ്ഞു.

യു.ഡി.എഫ് ചെയർമാൻ പ്രൊഫ. എ.ഡി. മുസ്തഫ, ജനതാദൾ നേതാവ് പി.പി. ദിവാകരൻ തുടങ്ങി നിരവധി രാഷ്ട്രീയ, സാമൂഹ്യ നേതാക്കൾ സുരേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു..