കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന കെ.സുരേന്ദ്രൻ (64) നിര്യാതനായി. ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ചപ്പാലം എരിഞ്ഞോട്ട്‌വയലിൽ പരേതനായ കളത്തിൽ കണാരന്റെയും നാണിയുടെയും മകനാണ്. മുൻ കണ്ണൂർ ഡി.സി.സി പ്രസിഡന്റു കൂടിയായ കെ. സുരേന്ദ്രൻ ഐ.എൻ.ടി.യു.സിയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം അന്തർദേശീയ ലേബർ ഓർഗനൈസേഷൻ പ്രതിനിധിയായി വിദേശത്തും പങ്കെടുത്തിട്ടുണ്ട്. ടെക്സ്റ്റൈയിൽ വർക്കേഴ്സ് ഫെഡറേഷൻ, ലേബർ വെൽഫെയർ കോ - ഓപ്പറേറ്റീവ് സൊസൈറ്റി , നാഷണൻ മോട്ടോർ ലേബർ കോൺഗ്രസ്, കണ്ണൂർ ഇന്റർനാഷണൻ എയർപോർട്ട് ജനറൽ വർക്കേസ് കോൺഗ്രസ്, തുടങ്ങിയ സംഘടനകളുടെ സാരഥ്യം വഹിച്ചിരുന്നു. നേരത്തെ മിനിമം വേജ്‌ബോർഡ് അഡ്വൈസറി അംഗവും ടെക്സ്റ്റയിൽ ഐ.ആർ.സി കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ശ്രീജ. മക്കൾ: സൂര്യ (ദുബായ്), ശ്രുതി (ദുബായ്). മരുമകൻ: ഷനോജ് (ദുബായ്). സഹോദരി: ശാരദ.