kinar-
കാര്യങ്കോട് ചാത്തമത്ത് റോഡ് ജംഗ്‌ഷനിൽ റെയിൽവെ പണിയുന്ന കിണർ

കാര്യങ്കോട് (കാസർകോട്): സ്ഥലം സംബന്ധിച്ച ശീതസമരത്തിനിടെ ചാത്തമത്ത് - കാര്യങ്കോട് ജംഗ്‌ഷനിൽ റെയിൽവേ വാട്ടർ അതോറിറ്റിക്ക് പുതിയ കിണറും പമ്പ് ഹൗസും നിർമ്മിച്ച് നൽകുന്നു. 47 വർഷം പഴക്കമുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പമ്പ് ഹൗസും കിണറും പൊളിച്ചു മാറ്റുന്ന സാഹചര്യത്തിലാണ് പുതിയ കിണറിന്റെയും പമ്പ് ഹൗസിന്റെയും നിർമ്മാണ പ്രവൃത്തി തുടങ്ങിയത്. കാര്യങ്കോട്ടെയും പരിസരത്തെയും 150 ഓളം കുടുംബങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിനായി 1972 ൽ സ്ഥാപിച്ച കിണറും പമ്പ് ഹൗസുമാണ് പൊളിച്ചു മാറ്റുന്നത്.

ദേശീയപാതാ വികസനത്തോടൊപ്പം പള്ളിക്കര മേൽപ്പാലത്തിന്റെ അലൈൻമെന്റിന്റെ അവസാനഭാഗം എത്തുന്നത് പമ്പ് ഹൗസും കിണറും സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ്. അലൈൻമെന്റിന് പുറത്തായി പുതിയ പമ്പ് ഹൗസും കിണറും പണിത് നൽകാമെന്ന് റെയിൽവേ വാട്ടർ അതോറിറ്റിക്ക് ഉറപ്പ് നൽകിയതനുസരിച്ചാണ് 12 മീറ്റർ ആഴമുള്ള കിണർ നിർമാണം ഏതാണ്ട് പൂർത്തിയാകുന്നത്. 30,000 ലിറ്റർ സംഭരണ ശേഷിയുള്ള പൊളിക്കാതെ ഒഴിവാക്കിയിരുന്ന പഴയ കുടിവെള്ള ടാങ്ക് തന്നെ ഇതിനായി ഉപയോഗിക്കും.

പതിറ്റാണ്ടുകൾക്ക് മുമ്പ് വിട്ടുനൽകിയ സ്ഥലത്താണ് പമ്പ് ഹൗസും കിണറും പണിതതെന്നാണ് വാട്ടർ അതോറിറ്റിയുടെ വാദം. വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് പൊളിക്കാതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മേൽപ്പാലം നിർമാണം തുടങ്ങിയ ഘട്ടത്തിൽ പ്രക്ഷോഭം നടത്തിയിരുന്നു. പമ്പ് ഹൗസിന് ചുറ്റും നിലവിലുണ്ടായിരുന്ന കുന്നിടിച്ച് വൻതോതിൽ ചെമ്മണ്ണ് കടത്താൻ തുടങ്ങിയതോടെയാണ് പമ്പ് ഹൗസിന് വേണ്ടി നാട്ടുകാർ രംഗത്തെത്തിയത്.

ബൈറ്റുകൾ

1972 ൽ പണിത പമ്പ് ഹൗസ്‌ ആണ് പൊളിച്ചു മാറ്റുന്നത്. പഴയ കിണറിൽ ഒരു മണിക്കൂർ പമ്പ് ചെയ്യാനുള്ള വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. മുഴുവൻ കുടുംബങ്ങൾക്കും വെള്ളം കിട്ടാത്ത പ്രശ്നം നിലവിലുണ്ടായിരുന്നു. ഇപ്പോൾ നല്ല മഴക്കാലം ആയതിനാൽ കിണറിൽ വെള്ളമുണ്ട്. പുതിയ കിണറിൽ കിട്ടുന്ന വെള്ളത്തിന്റെ അളവ് കണക്കാക്കാൻ വേനൽക്കാലം വരണം.

രമേശൻ കാര്യങ്കോട്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം

റെയിൽവേ പണിതുതരുന്ന കിണറിന്റെയും പമ്പ് ഹൗസിന്റെയും നിർമ്മാണ മേൽനോട്ടം മാത്രമാണ് ഞങ്ങൾക്കുള്ളത്. കുടിവെള്ളം എത്തിക്കാൻ സ്ഥലത്ത് കിണർ പണിയേണ്ടത് അത്യാവശ്യമായിരുന്നു. പുതിയ കിണറിൽ നന്നായി വെള്ളം കിട്ടുന്നുണ്ട്. അത് മാത്രമാണ് വാട്ടർ അതോറിറ്റി നോക്കിയത്.

സേതുനാഥ്‌ (അസി. എൻജിനിയർ വാട്ടർ അതോറിറ്റി, ചെറുവത്തൂർ )