തൃക്കരിപ്പൂർ: കാഴ്ചയിൽ വശ്യ സുന്ദരം.നാലു ഭാഗത്തു നിന്നും കവ്വായി കായലിലെ ഒാളങ്ങളുടെ കയറ്റിറക്കം. ഇളം കാറ്റിന്റെ തലോടലേറ്റു നിൽക്കുന്ന തെങ്ങുകൾ. അരുകുപറ്റി കണ്ടൽക്കാടുകൾ. വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കെ അതിർത്തിയോടടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ച് ദ്വീപായ കുരിപ്പാട് കണ്ടാൽ ഏതു സഞ്ചാരിയും കൊതിക്കും.

എന്നാൽ കുരിപ്പാട് എന്ന് പഴമക്കാർ വിളിക്കുന്ന ഈ കുരുപ്പുമാടിന്റെ ചരിത്രംഅത്ര ശുഭകരമല്ല. മഹാമാരിക്ക് കീഴടങ്ങി മരിച്ചുവീണ നിരവധി മനുഷ്യരെ തള്ളാനും കുഴിച്ചുമൂടാനും ഉപയോഗിച്ച സ്ഥലമാണിത്. ശാസ്ത്രം അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് പടർന്ന വസൂരിക്കു മുന്നിൽ മനുഷ്യൻ നിസ്സാരനായി പിടഞ്ഞു വീണപ്പോൾ സാമൂഹ്യ അകലം പാലിച്ചത് രോഗികളെ ഇവിടെ എത്തിച്ചായിരുന്നു. ഒടുവിൽ മരിച്ചുകഴിയുമ്പോൾ അവിടെ തന്നെ അടക്കി.

ഏകദേശം ആറു പതിറ്റാണ്ടു മുമ്പ് നാട്ടിൽ വസൂരി പടർന്നു പിടിച്ചപ്പോൾ, യഥാവിധിയുള്ള ചികിത്സ ലഭിക്കാതെ മനുഷ്യജീവൻ പിടഞ്ഞുവീണ കാലമായിരുന്നു അന്ന്. പയ്യന്നൂരും പരിസരങ്ങളിലെയും തൃക്കരിപ്പൂർ, വലിയപറമ്പ് എന്നിവിടങ്ങളിലെയും രോഗം ബാധിച്ച് മരിച്ചവരെ സ്വകാര്യ വ്യക്തിയുടെ പക്കലുള്ള ഈ അഞ്ചേക്കറയോളം വരുന്ന തുരുത്തിലെത്തിക്കും. അച്ഛനോ, അമ്മയോ, സഹോദരങ്ങളോ ആരായാലും ദുഃഖം കടിച്ചമർത്തിയായിരുന്നു ഇവിടേക്ക് തള്ളിയിരുന്നത്. മൃതദേഹങ്ങളെയും, രോഗികളെയും പച്ചോലയിൽ കിടത്തി തോണി മാർഗ്ഗം എത്തിക്കും. അത്യാവശ്യ ഭക്ഷണവും മറ്റും കൂടെ എത്തിച്ചിരുന്നു. എന്നാൽ ഭയം കാരണം പിന്നീടാരും തിരിഞ്ഞു നോക്കാറില്ലത്രെ. വെള്ളവും വെളിച്ചവുമില്ലാതെ, ഭക്ഷണമില്ലാതെ പച്ചപ്പുല്ലും പുഴയിലെ ഉപ്പു വെള്ളവും കുടിച്ച് നരകജീവിതം നയിക്കുന്ന രോഗികളുടെ ദീനരോദനം കേട്ടിരുന്നതായി പഴയതലമുറ പറഞ്ഞുകേട്ടിട്ടുണ്ടെന്ന് ഇവിടത്തുകാർ പറയുന്നു.