മാഹി: പുതുച്ചേരിയിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ മാഹിയിലും കർശന നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി അറിയിച്ചു. സംസ്ഥാനത്ത് 383 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 149 പേർ രോഗമുക്തി നേടി. നിലവിൽ 226 പേർക്കാണ് രോഗബാധയുള്ളത്. ഇതിൽ 218 പേർ പുതുച്ചേരിയിലും 7 പേർ കാരയ്ക്കലും ഒരാൾ യാനത്തുമാണ്. 8 പേർ മരണപ്പെട്ടു. മാഹിയിൽ ആർക്കും തന്നെ നിലവിൽ രോഗബാധയില്ല.
മാഹിയുൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും ഇന്നു മുതൽ പത്തു ദിവസത്തേക്ക് മദ്യഷാപ്പുകളും പെട്രോൾ പമ്പുകളും ഉൾപ്പെടെ എല്ലാ കടകളും സ്ഥാപനങ്ങളും രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ. മിൽമ ബൂത്തുകൾ വൈകുന്നേരം 6 മണി വരെയും ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നത് 2 മണി വരെയും പാർസൽ നൽകുന്നത് 8 മണി വരെയും ആയിരിക്കുമെന്നും റവന്യൂ സെക്രട്ടറി ഡോ. ടി. അരുൺ അറിയിച്ചു.