കാഞ്ഞങ്ങാട്: ഗൾഫിൽ നിന്ന് നാട്ടിലെത്തുകയും, 14 ദിവസം വീട്ടിനകത്ത് ക്വാറന്റൈനിൽ കഴിയുകയും ചെയ്ത ആൾക്ക് നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ബേക്കൽ മവ്വൽ റിഫായി പള്ളിക്ക് പിറകിൽ താമസിക്കുന്ന അമ്പതുകാരനായ പ്രവാസിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ക്വാറന്റൈനിൽ കഴിയുമ്പോൾ ഇദ്ദേഹം കാറുമായി ബേക്കൽ ടൗണിൽ പോയതായി വിവരമുണ്ട്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് പെരിയയിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകർ ഇയാളെ കാസർകോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് മുറിയിൽ പഴവർഗ്ഗങ്ങളും മറ്റും പതിവായി എത്തിച്ചിരുന്ന മകളുടെ ഭർത്താവായ യുവാവിൽ നിന്നും ആരോഗ്യവകുപ്പധികൃതർ സ്രവം ശേഖരിച്ചു. യുവാവും ക്വാറന്റൈനിലാണ്. യുവാവ് നിത്യവും തൊട്ടടുത്തുള്ള തച്ചങ്ങാട് ഹൈസ്‌കൂൾ മൈതാനിയിൽ ഫുട്‌ബാൾ കളി കാണാൻ ചെന്നിരിക്കാറുണ്ട്. ബേക്കലിലെ കടകളിലും ഈ യുവാവ് മിക്കദിവസങ്ങളിലും നിത്യോപയോഗ സാധനങ്ങൾ വാങ്ങാനെത്തിയിട്ടുണ്ട്.