നീലേശ്വരം: നഗരസഭയിലെ ഓർച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായെങ്കിലും അനുബന്ധ റോഡ് സൈഡിൽ കൈവരികൾ നിർമ്മിക്കാത്തത് അപകടം ക്ഷണിച്ചു വരുത്തുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഓർച്ചയിലെ മുഹമ്മദ് ഷെറൂഫ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിക്കാനിടയായത് കൈവരികൾ ഇല്ലാത്തതിനാലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞവർഷം ഇതേ സ്ഥലത്ത് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ പുഴയിലേക്ക് മറിയുകയുണ്ടായി. അന്ന് നാട്ടുകാർ ഉടൻ തന്നെ ഓട്ടോ പുറത്തെടുത്തതിനാൽ ആളപായമുണ്ടായില്ല. ഈ ഭാഗങ്ങളിൽ റോഡും പുഴയും തമ്മിൽ ചെറിയ അകലം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ പുഴയിലേക്ക് വീഴാൻ സാദ്ധ്യതയേറെയാണ്. ഈ ഭാഗങ്ങളിൽ ഉയരത്തിൽ കൈവരികൾ കെട്ടണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്നാണ് ആരോപണം.

ഓർച്ച പാലം ഉദ്ഘാടനം ചെയ്തതോടെ ടൂറിസ്റ്റ് കേന്ദ്രമായ അഴിത്തലയിലേക്ക് മാർക്കറ്റ് റോഡ് വഴി എളുപ്പത്തിൽ എത്താൻ ഈ റോഡ് വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. കൂടാതെ കടിഞ്ഞി മൂല, പുറത്തേ കൈ ഭാഗങ്ങളിലേക്കുള്ള ഹൗസ് ബോട്ടിലേക്ക് പോകുന്നവരും എളുപ്പത്തിൽ എത്താൻ ഈ റോഡ് ഉപയോഗിക്കുന്നു. അധികൃതർ ഇനിയും കനിഞ്ഞില്ലെങ്കിൽ ഓർച്ച പുഴയിൽ അപകടങ്ങൾ തുടർക്കഥയാകും.