കൂത്തുപറമ്പ്: മഴശക്തമായതോടെ ചോർന്നൊലിക്കുന്ന വീട്ടിൽ ദുരിതങ്ങളോട് പോരടിച്ച് ജീവിക്കുകയാണ് കൂത്തുപറമ്പിനടുത്ത കൈതേരിയിലെ കെ.വി. സജീവനും കുടുംബവും. മുഴുവൻ കുടുംബങ്ങൾക്കും വാസയോഗ്യമായ വീട് നിർമ്മിച്ചുനൽകിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് ഭിന്നശേഷിക്കാർ ഉൾപ്പെടുന്ന കുടുംബത്തിന്റെ ദൈന്യത.
അധികൃതർക്ക് അപേക്ഷ നൽകിയിട്ടും വാസയോഗ്യമായ വീടെന്ന സജീവന്റെ സ്വപ്നം യാഥാർത്ഥ്യമായില്ല. ഏതുസമയവും അപകടം പതിയിരിക്കുന്ന വീട്ടിലാണ് കൈതേരി എടത്തിലെ കെ.വി. സജീവനും ഭിന്നശേഷിക്കാരിയായ മകളും ഉൾപ്പെടുന്ന കുടുംബം കഴിഞ്ഞുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ വീട് പൂർണ്ണമായും ചോർന്നൊലിക്കാൻ തുടങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ് ഓട്ടോ തൊഴിലാളിയായ സജീവന്റെ കുടുംബം. വീടിനു മുകളിൽ ടാർപോളിൻ ഷീറ്റ് കെട്ടിയിരുന്നെങ്കിലും ചോർച്ച കടുത്തതോടെ കിടന്നുറങ്ങാനോ ഭക്ഷണം പാകം ചെയ്യാനോ കഴിയുന്നില്ല. രോഗിയായ ഭാര്യയും, ഭിന്നശേഷിക്കാരിയായ മകളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാനം സജീവൻ ഓട്ടോ ഓടിച്ചുകിട്ടുന്നതാണ്. ലോക്ക് ഡൗണിനെ തുടർന്ന് പണി ഇല്ലാതായതോടെ കടുത്ത ദുരിതത്തിലായിരിക്കയാണ് തെയ്യംകലാകാരൻ കൂടിയായ സജീവന്റെ കുടുംബം.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബം ഒരു വീടിനായി പട്ടികജാതി ക്ഷേമ വകുപ്പിലും മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതർക്കും അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെയും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് സജീവനും ഭാര്യയും പറഞ്ഞു. മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന, പ്രത്യേക പരിഗണന അർഹിക്കുന്ന കുടുംബത്തിന് സർക്കാരിന്റെ സഹായം ലഭിക്കേണ്ടതാണ്.