കാഞ്ഞങ്ങാട്: അഴിത്തലയിൽ നിന്നും ഒഴുക്ക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനായി കടലിൽ പോയ തൈക്കടപ്പുറം സ്വദേശി ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള നബീൻമോൻ എന്ന ഫൈബർ വള്ളം ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് തകർന്നു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം . മത്സ്യ തൊഴിലാളികളായ തലശ്ശേരി സ്വദേശി ശ്രീലിൻ (34), കാസർകോട്ടെ ജാജി (29), തിരുവനന്തപുരത്തെ സൈമൺ (61), ജോസഫ് (55), കൊല്ലത്തെ ജോൺ (37) എന്നിവരെയാണ് രക്ഷിച്ചു.
വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളും വയർലസ്സിലൂടെ അടുത്തുള്ള തോണിക്കാരുടെ സഹായം തേടി. അവർ എത്തി തൊഴിലാളികളെ തങ്ങളുടെ തോണിയിൽ കയറ്റിയെങ്കിലും മോശം കാലാവസ്ഥയായതിനാൽ അവർക്കും കരയിലേക്ക് വരാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ മറ്റ് വള്ളക്കാർ അഴിത്തല ഫിഷറിസ് റെസ്‌ക്യൂ ബോട്ടിൽ വിവരം അറിയിക്കുകയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പിവി സതീശന്റെ നിർദ്ദേശ പ്രകാരം രാവിലെ ഏഴുമണിയോടെ ഫിഷറീസ് റസ്‌ക്യൂ ബോട്ട് തൊഴിലാളികളെയും കടലിൽ താഴ്ന്ന വള്ളത്തെയും കെട്ടി വലിച്ച് ഉച്ചയ്ക്ക് 1 മണിയോടെ തൈക്കടപ്പുറം ഹാർബറിൽ എത്തിച്ചു. ഫിഷറീസ് റെസ്‌ക്യൂ ഗാർഡ് പി മനു, ഒ.ധനിഷ്, എം സനിഷ്, ഡ്രൈവർ പിവി നാരായണൻ ,കെ.. കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.