തളിപ്പറമ്പ്: പുഴ വഴി മാറി ഒഴുകിയതു കാരണം കരയിടിഞ്ഞ പ്രദേശം പുനർ നിർമിച്ച് കോട്ടപ്പുറം നിവാസികൾ. ജാതി മത രാഷ്ടീയത്തിന് അതീതമായി രൂപീകരിച്ച ജനകീയ കമ്മിറ്റിയാണ് പ്രദേശം പുനർനിർമിച്ചത്.
കോട്ടുപ്പുറം അങ്കണവാടിക്ക് സമീപത്തെ വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പുഴയെടുത്തു പോയത്. അത് കാരണം വീടുകൾ അപകട ഭിഷിണിയിലായിരുന്നു. നാട്ടുകാരും സമീപ സ്ഥലങ്ങളിലുള്ളവരും സംഭാവനയായി നൽകിയ തുകയും പഞ്ചായത്തിന്റെ ദുരന്ത നിവാരണഫണ്ടും ഉൾപ്പെടെ ഏകദേശം 8 ലക്ഷം രൂപയോളം ആണ് 75 മീറ്ററോളം വരുന്ന താൽക്കാലിക സംരക്ഷണ ഭിത്തി നിർമ്മാണത്തിന് ചെലവാക്കിയത്.
ജാതി മത രാഷ്ട്രീയത്തിന് അതീതമായി രൂപീകരിച്ച ജനകീയ കമ്മിറ്റി സംരക്ഷണ ഭിത്തിയോടുചേർന്ന് കണ്ടൽചെടി നട്ട് സസ്യകവചവും ഒരുക്കി. 250ഓളം ഭ്രാന്തൻ കണ്ടൽ ചെടികളാണ് മുളകളിൽ ചെളിനിറച്ച് പുഴയോരത്ത് നട്ടത്. ഇതുവളരുന്നതോടെ കരയിടിച്ചലിന് ശാശ്വത പരിഹാരമാകും. കഴിഞ്ഞ 9നാണ് പ്രവൃത്തി തുടങ്ങിയത്. എൺപതോളം തെങ്ങുകൾ കൊണ്ട് വേലികെട്ടി 5000 ലേറെ ചാക്കുകളിൽ മണ്ണു നിറച്ചാണ് ഭിത്തി കെട്ടിയത്.
ആയിരക്കണക്കിന് ആളുകളുടെ അധ്വാനവും സാധനസാമഗ്രികളും നാട്ടുകാരും സമീപസ്ഥലങ്ങളിലുള്ളവരും സംഭാവനയായി നൽകിയിരുന്നു. വൻ ജനകീയപങ്കാളിത്തമാണ് സംരക്ഷണഭിത്തി നിർമ്മാണത്തിന് ഉണ്ടായത്. ഡി.വൈ.എഫ്.ഐ, സി.പി.എം, ജനാധിപത്യ മഹിളാ അസോസിയേഷൻ, സേവാഭാരതി, യൂത്ത് കോൺഗ്രസ്, മുസ്ലീം ലീഗ്, യൂത്ത് ലീഗ്, വൈറ്റ് ഗാർഡ്, എസ്.കെ.എസ്.എസ്.എഫ് വിഖായ, കുടുംബശ്രീ, ക്ലബുകൾ, വിവിധ സ്‌കൂളിലെ സ്കൗട്ട് യൂണിറ്റുകൾ തുടങ്ങി വിവിധ സംഘടനകളിലെ അംഗങ്ങൾ നാട്ടുകാരോടൊപ്പം സംരക്ഷണ ഭിത്തി നിർമ്മാണത്തിൽ പങ്കാളികളായിരുന്നു.