പാപ്പിനിശ്ശേരി: ഗ്രാമപഞ്ചായത്തിന്റെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. തീപിടുത്തത്തിൽ സംഭരണശാല കെട്ടിടത്തിന് വൻ നാശനഷ്ടമുണ്ടായി. അഞ്ച് മാസം മുൻപാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത്. സംഭരണ ശാലയുടെ മേൽക്കൂര, ഇലക്ട്രിക് സാമഗ്രികൾ , ഷട്ടറുകൾ എന്നിവയ്‌ക്കെല്ലാം തീ പിടുത്തത്തിൽ നാശനഷ്ടമുണ്ടായി. തിങ്കളാഴ്ച പകൽ 2.30 മണിയോടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടിച്ചത് എന്നാണ് അനുമാനം.
കണ്ണൂരിൽ നിന്നെത്തിയ അഗ്നിശമന സേന, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ഓടി കൂടിയ നാട്ടുകാർ എന്നിവരുടെ പരിശ്രമത്തിന്റെ ഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിൽ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയത് പരിസ്ഥിതിക്കും ദോഷം ചെയ്തു.