ഹയർ ഗുഡ്സ് ഉടമകൾ 16500
തൊഴിലാളികൾ 2.5 ലക്ഷം
കണ്ണൂർ: നാടിന് വെളിച്ചവും ശബ്ദവും നൽകാൻ ഓടിനടന്ന ഹയർ ഗുഡ്സ് ഉടമകളും തൊഴിലാളികളുടെ വീടുകളിൽ ഇപ്പോൾ "കൂരിരുട്ട് ". കൊവിഡ് വ്യാപനം തുടങ്ങിയതു മുതൽ ഇതേവരെ ഇവരുടെ കുടുംബത്തിൽ കരിനിഴൽ മാത്രമാണ് കാണാനുള്ളത്. ലോക്ക്ഡൗൺ ഇളവുകളൊന്നും ഈ വിഭാഗത്തിലെ ഉടമകൾക്കോ തൊഴിലാളികൾക്കോ ലഭിച്ചിട്ടില്ല.
ഉടമകൾക്ക് സാxസ്കാരിക ക്ഷേമനിധി ബോർഡിലും തൊഴിലാളികൾ കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ളിഷ്മെന്റ് ക്ഷേമനിധിയിലും അംഗങ്ങളാണ്. 16,500 ഉടമകളിൽ മൂവായിരത്തോളം ആളുകൾക്ക് 4,000 രൂപയും വിരലിലെണ്ണാവുന്ന തൊഴിലാളികൾക്ക് 2,000 രൂപ വീതവും സർക്കാർ സഹായം ലഭിച്ചിരുന്നു. പണി ഇല്ലാതെ വീട്ടിലിരിക്കുന്ന തൊഴിലാളികളെ പിടിച്ചുനിർത്തണമെങ്കിൽ അവരെ സാമ്പത്തികമായി ഉടമകൾ സഹായിക്കണം. എന്നാൽ സർക്കർ നൽകിയ തുച്ഛമായ പണംകൊണ്ട് എന്തു ചെയ്യാൻ എന്നാണ് ഉടമകൾ ചോദിക്കുന്നത്.
സ്ഥാപനം തുടങ്ങാൻ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും എടുത്ത വായ്പാ കുടിശ്ശിക കുത്തനെ ഉയരുകയുമാണ്. ലോക്ക്ഡൗൺ ഇളവുകൾ ഏതാണ്ട് എല്ലാ മേഖലകളിലും ചെറിയ ഉണർവു നൽകിയിട്ടുണ്ടെങ്കിലും ഇവരുടെ ജീവിതത്തിൽ ചെറുചലനംപോലും ഉണ്ടാക്കിയിട്ടില്ല. വിവാഹങ്ങളോ, മറ്റ് പൊതുപരിപാടികളോ സജീവമാകാത്തിടത്തോളം കാലം വാടക സാധന മേഖലയിൽ ചലനം ഉണ്ടാകില്ല. അത് എപ്പോൾ സംഭവിക്കുമെന്ന് നിലവിലെ സാഹചര്യത്തിൽ ആർക്കും പറയാനും കഴിയില്ല.
അതുവരെ എന്തു ചെയ്യും?. ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഉടമകളും തൊഴിലാളികളും.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊവിഡ് പ്രോട്ടോകോളിൽ മാറ്റം വരുത്തണം. വിവാഹ ചടങ്ങുകളിൽ നിലവിൽ 50 ആളുകൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. സമയക്രമം നിശ്ചയിച്ച് ഇത് 200 ആളുകളെ വരെ പങ്കെടുപ്പിക്കാൻ അനുവദിക്കണം. അതുപോലെതന്നെ മറ്റ് പൊതുപരിപാടികളിൽ അകലം പാലിച്ച് 200 ആളുകൾക്ക് വരെ സംബന്ധിക്കാനുള്ള ഭേദഗതിയും കൊണ്ടുവരണം. മാത്രമല്ല, സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ലഭിക്കാൻ ബാക്കിയുള്ള ഉടമകൾക്കും തൊഴിലാളികൾക്കും അത് നൽകാനുള്ള നടപടി ഉണ്ടാകണം.
ശോഭാ ബാലൻ,
ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി