കണ്ണൂർ: പ്രതിഷേധം ശക്തമാകുമ്പോഴും ജിക്ക കുടിവെള്ള വിതരണ പദ്ധതി നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നീക്കം അണിയറയിൽ ശക്തമാകുന്നു. സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള വാട്ട‌ർ അതോറിറ്റി എംപ്ളോയീസ് യൂണിയൻ സമരപരിപാടികളുമായി മുന്നോട്ടുപോകുമ്പോൾ ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ‌ർ തന്നെയാണ് സ്വകാര്യ കമ്പനിക്ക് വേണ്ടി ചരട് വലി നടത്തുന്നത്. പ്രതിവർഷം വാട്ടർ അതോറിറ്റി ചെലവഴിക്കുന്നതിനേക്കാൾ മൂന്നിരട്ടിയിലധികം തുകയ്ക്കാണ് കരാർ നൽകാൻ ഉന്നതതലത്തിൽ നീക്കം നടക്കുന്നത്.

ഡി.എൽ.പി കാലത്തെ (ഡിഫക്ട്‌ ലയബിലിറ്റി പിരീഡ്‌) 100ൽ അധികം പ്രവൃത്തി പൂർത്തീകരിക്കാനുണ്ട്. ഓട്ടോമാറ്റിക്ക് സിസ്റ്റമായ സ്കാഡ നിശ്ചലമായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കമ്പനി തകരാർ പരിഹരിച്ചിട്ടില്ല. വാട്ടർ അതോറിറ്റിക്ക്‌ ബാദ്ധ്യത വരുത്തിവച്ചതിനാൽ കരിമ്പട്ടികയിൽ ഉൾപെടുത്തേണ്ട ചെന്നൈ കമ്പനിയും ടെൻഡറിൽ പങ്കെടുക്കുന്നതിനായി പ്ലാന്റ്‌ സന്ദർശിക്കാൻ അനുവാദം തേടിയിട്ടുണ്ടെന്നറിയുന്നു.

എന്താണ് ജിക്ക?

ജപ്പാൻ ഗവൺമെന്റിന്റെ സഹായത്തോടെ തളിപ്പറമ്പ്, കല്യാശേരി, ഇരിക്കൂർ, പയ്യന്നൂർ മണ്ഡലങ്ങളിലും കണ്ണൂർ കോർപ്പറേഷനിൽ നടപ്പാക്കുന്ന അമൃത് പദ്ധതിയിലൂടെയും ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന ബൃഹദ്‌ പദ്ധതിയാണ് ജിക്ക (ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസി). കണ്ണൂർ ജില്ലയ്ക്ക് പുറമെ കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. 3000 കോടിയാണ് ആദ്യഘട്ടത്തിൽ ചെലവ് കണക്കാക്കിയിരുന്നത്. വാട്ടർ അതോറിറ്റി നേരിട്ട് പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ ഏക ജിക്ക പദ്ധതിയാണ്‌ കണ്ണൂരിലേത്. എന്നാൽ എല്ലാ വ്യവസ്ഥകളും കാറ്റിൽ പറത്തിയാണ് വൻതുകക്ക് കരാർ നൽകാൻ ടെൻഡർ വിളിച്ചത്.

പൂർണമായി സ്വകാര്യമാക്കുന്നു

ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ട്രീറ്റ്മെന്റ്‌ പ്ലാന്റും പഴശ്ശി ഡാമിൽ കുയിലൂരിലെ റോ വാട്ടർ പമ്പിംഗ് സ്റ്റേഷനും പൂർണമായി സ്വകാര്യ കമ്പനിക്ക് കൈമാറാനാണ് നീക്കം. പ്ലാന്റിന്റെ നിർമാണ പ്രവർത്തനം ഏറ്റെടുത്ത ചെന്നൈ ആസ്ഥാനമായ കമ്പനി കരാർ കാലത്ത് നടത്തേണ്ട പല പ്രവൃത്തികളും നടത്താൻ തയ്യാറായിട്ടില്ല.

പ്രതിഷേധ കാവൽ
ജിക്ക കുടിവെള്ള പദ്ധതിയുടെ നടത്തിപ്പ് പുറംകരാർ നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു കെ.ഡബ്‌ള്യു.എ സൂപ്രണ്ടിംഗ് എൻജിനീയരുടെ ഓഫീസിന് മുന്നിൽ 'പ്രതിഷേധ കാവൽ ''സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. രമണി ഉദ്ഘാടനം ചെയ്തു. എം.വി സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി മനോജ് കുമാർ പ്രസംഗിച്ചു. എം. ശ്രീധരൻ സ്വാഗതവും എം. രഘു നന്ദിയും പറഞ്ഞു.


ചുരുങ്ങിയ ചെലവിൽ അതോറിറ്റി നേരിട്ട് പ്രവർത്തിപ്പിക്കുന്ന ജിക്ക പദ്ധതി കൈമാറാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം.

എം. ശ്രീധരൻ, ജില്ലാ സെക്രട്ടറി,

കേരള വാട്ടർ അതോറിറ്റി എംപ്ളോയീസ് യൂണിയൻ