പഴയങ്ങാടി: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി മാടായി പഞ്ചായത്തിൽ രാഷ്ട്രീയം ചൂടുപിടിക്കുന്നു. പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ പ്രാദേശിക പ്രശ്നങ്ങൾ മുൻനിർത്തി കടുത്ത ഭീഷണിയുയർത്താൻ സ്വതന്ത്രരെ ഇറക്കുന്ന കൂട്ടായ്മകളും മാടായിയിലെ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്.
20 വാർഡുകൾ ഉള്ള പഞ്ചായത്തിൽ ഭരണകക്ഷിയായ ലീഗിന് പത്തും കോൺഗ്രസിന് നാലും സീറ്റുകളാണ് നിലവിലുള്ളത് . അഞ്ചു സീറ്റ് സി.പി.എമ്മിനും ഒരു വാർഡിൽ സ്വതന്ത്രനുമാണ്. രൂപീകരണം തൊട്ട് യു.ഡി.എഫാണ് മാടായിയിൽ ഭരണം നടത്തുന്നത്. പഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എന്തെങ്കിലും വികസനമുണ്ടായിട്ടുള്ളത് എം.എൽ.എയുടെ വകയാണെന്ന വാദം നിരത്തിയാണ് സി.പി.എം ഇക്കുറി പ്രചാരണരംഗത്തിറങ്ങുന്നത്. പഞ്ചായത്ത് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്ന വാദം തന്നെയാണ് ഭരണ കക്ഷിയായ യു.ഡി.എഫിന്റേത്.
മാടായി പഞ്ചായത്തിലെ രാഷ്ട്രീയം പരമ്പരാഗതമായി യു.ഡി.എഫിന് അനുകൂലമാണെങ്കിലും പുതിയങ്ങാടിയിൽ ലീഗിലെ ഉൾപ്പോര് പ്രയാസമുണ്ടാക്കുമെന്ന് അവർക്ക് തന്നെ ആശങ്കയുണ്ട്.
കഴിഞ്ഞ തെരഞ്ഞടുപ്പിൽ പുതിയങ്ങാടിയിലെ പ്രമുഖനായ ലീഗ് നേതാവിനെ ലീഗിന്റെ ഉരുക്ക് കോട്ടയിൽ വൻഭൂരിപക്ഷത്തിന് സ്വതന്ത്രൻ അടിയറവ് പറയിപ്പിച്ച സാഹചര്യം ഇക്കുറിയും മാറിയിട്ടില്ലെന്നാണ് ഇടഞ്ഞുനിൽക്കുന്നവരുടെ വിശ്വാസം. ലീഗ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നവരുടെ കൂട്ടായ്മ ഇവിടെ ശക്തമാണ്.
പരമ്പരാഗതമായി യു.ഡി.എഫ് അനുകൂല പഞ്ചായത്ത്
മുസ്ലിംലീഗിലെ ഉൾപ്പോര് ആശങ്ക
എം.എൽ.എയുടെ പ്രവർത്തനങ്ങൾ നിരത്തി എൽ.ഡി.എഫ്
ഐ.എൻ.എൽ, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ നിലപാടുകൾ നിർണായകം