കാഞ്ഞങ്ങാട്: സി.പി.എം കേളോത്ത് സുശീല ഗോപാലൻ നഗർ ബ്രാഞ്ച് സെക്രട്ടറി മണിക്കുട്ടി ബാബുവിനെ (50) കുത്തേറ്റ പരിക്കുകളോടെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സി .പി .എം പ്രവർത്തകനായ കേളോത്തെ എക്കാൽ രാജുവിനെതിരെ അമ്പലത്തറ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് 6.30 മണിയോടെ മണിക്കുട്ടി ബാബുവിന്റെ വീട്ടിലെത്തിയ പ്രതി മുൻ വിരോധത്തെ തുടർന്ന് കൈയിൽ കരുതിയ കത്തി കൊണ്ട് വയറിന് കുത്തുകയായിരുന്നുവെന്ന് പറയുന്നു. നമ്പ്യാറടുക്കത്ത് പൊതുസ്ഥലം കൈയേറി രാജു ഉൾപ്പെടെ നാലോളം പേർ വീട് കെട്ടിയിരുന്നു. ഇത് അധികൃതർ ഇടപെട്ടു പൊളിച്ചു മാറ്റിയതിനു പിന്നിൽ മണിക്കുട്ടി ബാബുവാണെന്ന് രാജു പറയുന്നു. ഈ വിരോധമാകാം അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു.