തളിപ്പറമ്പ്: കരിമ്പം സർ സയ്യിദ് ഹൈസ്കൂളിന് സമീപത്തെ എ.അബ്ദുള്ള ഹാജിയുടെ വീട്ടിലെ പപ്പായ മരം ഒരു അത്ഭുതം തന്നെയാണ് . പറിച്ചെടുത്ത പപ്പായകളുടേയെല്ലാം ഉള്ളിൽ മറ്റൊരു പപ്പായ കൂടി കണ്ടിട്ടാണ് നാട്ടുകാർ അത്ഭുതം കൂറുന്നത്.
കഴിഞ്ഞ ദിവസം ഒരു പഴുത്ത പപ്പായ പറിച്ച് മുറിച്ചപ്പോഴാണ് അകത്ത് വിത്തുകൾക്ക് പകരം മറ്റൊരു പപ്പായ കണ്ടത്. രണ്ട് പഴങ്ങൾക്കും നല്ല കട്ടിയുണ്ട്. ആദ്യമായാണ് ഇതിൽ നിന്നും കായ പറിച്ചെടുക്കുന്നതെന്ന് അബ്ദുള്ള ഹാജി പറഞ്ഞു. കൂടുതൽ പപ്പായകൾ പറിച്ചു നോക്കിയിട്ടും ഇങ്ങനെ തന്നെയാണ് കാണുന്നത്.
ഒരേ ചെടിയിൽ തന്നെ ആൺ-പെൺ പൂവുകൾ കാണപ്പെടുമ്പോൾ ഉണ്ടാകുന്ന ജനിതക വൈകല്യമാണ് ഇതെന്ന് തളിപ്പറമ്പ് കൃഷി ഭവനിലെ കൃഷി ഓഫീസർ കെ. സപ്ന പറഞ്ഞു. വളരെ അപൂർവ്വമായി മാത്രമാണ് ഇങ്ങനെ കാണപ്പെടുന്നതെന്നും അവർ പറഞ്ഞു. നിരവധി പേരാണ് ഈ അത്ഭുത പപ്പായ കാണാൻ അബ്ദുള്ള ഹാജിയുടെ വീട്ടിലെത്തുന്നത്.