ഇരിട്ടി: കാടും ഗ്രാമങ്ങളും വിട്ട് കാട്ടുപന്നികൾ നഗരങ്ങളിലേക്കും. ഇരിട്ടി ടൗണിൽ നിന്നും നൂറുമീറ്റർ മാത്രം അകലെയുളള നേരംപോക്കിലെ ജനവാസമേഖലയിലെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ രാത്രി കാട്ടുപന്നികൾ കൃഷിനാശം വരുത്തിയത് . വീടുകളോട് ചേർന്ന് കൃഷി ചെയ്തചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, കപ്പ, കൂവ തുടങ്ങിയ വിളകൾ പന്നികൾ വ്യാപകമായി നശിപ്പിച്ചു.

നേരംപോക്ക് ആശുപത്രി റോഡിലെ താമസക്കാരായ കോറോത്താൻ ജയരാജൻ, എം. സതീശൻ, പി.എം. രവീന്ദ്രൻ എന്നിവരുടെ നിരവധി കാർഷിക വിളകളാണ് പന്നികൾ നശിപ്പിച്ചത്. ജനവാസമേഖല എന്നതുകൂടാതെ രാത്രികാലങ്ങളിൽ നിരവധി ജനങ്ങൾ നടന്നും മറ്റുംപോകുന്ന ആശുപത്രിറോഡിലും മറ്റും പന്നികൾ ഇറങ്ങുന്നത് ജനങ്ങളിലും ഭയം ജനിപ്പിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിൽ ഒരു മുള്ളൻ പന്നിയെ വാഹനമിടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തിയിരുന്നു.