ഇരിട്ടി: ആറളം വട്ടപ്പറമ്പിൽ രണ്ടേക്കർ സ്ഥലത്തെ കരനെൽകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. രണ്ടാഴ്ചക്കിടയിൽ മൂന്നാം തവണയാണ് ആനക്കൂട്ടം ജനവാസ മേഖലയിൽ വ്യാപകനാശം വരുത്തുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പടിഞ്ഞാറെ വട്ടപ്പറമ്പിൽ ഇരുമ്പു കുഴിയിൽ ജോയിയുടെ രണ്ടേക്കർ സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്ത കരനെൽകൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
30 തൊഴിലാളികൾ 45 ദിവസം കൊണ്ടാണ് കൃഷിയിറക്കിയത്. രാത്രി രണ്ടു മണിയോടെയാണ് ആനക്കൂട്ടം എത്തിയത്. ജോയിയുടെ സ്ഥലത്തോടു ചേർന്ന ഭാഗങ്ങളിൽ കഴിഞ്ഞദിവസവും ആനക്കൂട്ടം എത്തി കൃഷി നശിപ്പിച്ചിരുന്നു. ജോയിയുടെ കൃഷിയിടത്തിൽ നിന്നും ആനക്കൂട്ടം അമ്പലക്കണ്ടി വട്ടപ്പറമ്പ് റോഡ് കടന്ന് കൂടുതൽ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തി. പ്രദേശത്തെ വടക്കേടത്ത് ഷാജു ആന്റണിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മതിലും തകർത്തു. അന്തിനാട്ട് ജെയിംസ് കുട്ടിയുടെ തെങ്ങ്, പനയ്ക്കപ്പതാലിൽ ഷിന്റോയുടെ വാഴ എന്നിവയും നശിപ്പിച്ചു. പ്രദേശത്തെ നിരവധി വീടുകളുടെ മുറ്റത്ത് കൂടിയാണ് ആന കടന്നുപോയത്.
ആനകളെത്തുന്നത് പുഴ കടന്ന്
ആറളം ഫാമിൽ നിന്നും പുഴകടന്നാണ് ആനക്കൂട്ടം വട്ടപ്പറമ്പ്, അമ്പലക്കണ്ടി, കോക്കോട്, പറമ്പത്തെക്കണ്ടി ഭാഗങ്ങളിൽ എത്തുന്നത്. കഴിഞ്ഞ വർഷം മുതലാണ് ഇവിടങ്ങളിലേക്ക് ആനയുടെ കടന്നുകയറ്റം ഉണ്ടായത്. ആഴ്ചയിൽ ഒന്നും രണ്ടും തവണ ആനയെത്തുന്നത് ഭീതിയോടെയാണ് പ്രദേശവാസികൾ കാണുന്നത്. ആറളം വനത്തിൽ നിന്നും കിലോമീറ്ററോളം അകലെയുള്ള പ്രദേശമാണിത്. ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് തടയാൻ നടപടിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആറളം വന്യജീവി സങ്കേതം ഓഫീസിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല. ഇങ്ങനെ തുടർന്നാൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് കർഷകരും പറയുന്നത്