മട്ടന്നൂർ: നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് കൊവിഡ് നിബന്ധനകൾ കർശനമായി പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ അനുമതി നൽകി. തിങ്കളാഴ്ച ചേർന്ന നഗരസഭാ സുരക്ഷാസമിതിയാണ് തീരുമാനമെടുത്തത്. കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിന് അനുമതി നൽകിയത്.

കൊവിഡ് ബാധിച്ച് മരിച്ച മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയതായി തെളിഞ്ഞ മറ്റൊരാളുടെ ഫലവും നെഗറ്റീവാണ്. മട്ടന്നൂരിൽ കൊവിഡ് ബാധിച്ച രണ്ടു പേർ കഴിഞ്ഞ ദിവസം രോഗമുക്തരായതും ആശ്വാസമായി. മട്ടന്നൂരിൽ ഓട്ടോറിക്ഷകൾക്ക് നമ്പരിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം തുടരും.