കണ്ണൂർ: ജില്ലയിൽ ആറു പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. കുവൈറ്റിൽ നിന്നെത്തിയ ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ചു പേർക്കുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ നാലു പേർ സി.ഐ.എസ്.എഫുകാരാണ്.
ജൂൺ 11ന് കുവൈറ്റിൽ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 58കാരൻ, ജൂൺ ഏഴിന് ഡൽഹിയിൽ നിന്നെത്തിയ കൊളച്ചേരി സ്വദേശി 65കാരൻ, ഉത്തർ പ്രദേശ് സ്വദേശി 29കാരൻ, ഹിമാചൽ പ്രദേശ് സ്വദേശി 33കാരൻ, ഇതേ ദിവസം ഡൽഹിയിൽ നിന്ന് ബാംഗ്ലൂർ വഴി എത്തിയ ഡൽഹി സ്വദേശി 29കാരൻ, ഉത്തർപ്രദേശ് സ്വദേശി 27കാരൻ എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതതരുടെ എണ്ണം 355 ആയി. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി 23കാരൻ ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 245 ആയി.
നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 17368 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 12627 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 11850 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 11147 എണ്ണം നെഗറ്റീവാണ്. 777 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.