നീലേശ്വരം: നഗരസഭയിൽ പുഴയോര റോഡുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നു. അപകടസാദ്ധ്യതകൾ ഒഴിവാക്കാൻ പ്രധാനപ്പെട്ട പാതകൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുവാൻ നഗരസഭ നടപടികൾ ആരംഭിച്ചു. നീലേശ്വരം ഓർച്ച റോഡിൽ പുഴയോരത്ത് മെറ്റൽ ബീം ക്രാഷ് ബാരിയർ 300 മീറ്റർ നീളത്തിൽ എത്രയുംവേഗം നിർമ്മിക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. അതോടൊപ്പം വേഗത നിയന്ത്രിക്കുന്നതിന് റംമ്പിൾ സ്ട്രിപ്സ് റോഡുകളിൽ സ്ഥാപിക്കുന്നതിനായി പി.ഡബ്ഡള്യു.ഡി റോഡ്സ് വിഭാഗത്തിന്റെ സാങ്കേതിക സഹായം നഗരസഭ തേടും.
നഗരസഭാ പരിധിയിൽ നിരവധി പുഴയോര പാതകൾ ഉണ്ട് എന്നതിനാൽ മെറ്റൽ ബിം ക്രാഷ് ബാരിയർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം ഒരുക്കുന്നതിനുള്ള തുക റോഡ് സേഫ്റ്റി കൗൺസിൽ നിന്നും ലഭ്യമാക്കുന്നതിന് ശ്രമം നടത്തും. എന്നാൽ ഏറ്റവും വേഗത്തിൽ ഈ സംവിധാനമൊരുക്കേണ്ട സ്ഥലങ്ങളിൽ നഗരസഭ സ്വന്തം ഫണ്ടിൽ നിന്നും തുക കണ്ടെത്തി പ്രവൃത്തികൾ ആരംഭിക്കും. തീരദേശ വാർഡുകളിലെ കൗൺസിലർമാരും ആയി ആലോചിച്ച് ഇത്തരം വാർഡുകളിൽ നേരത്തേ അംഗീകാരം ലഭിച്ച പ്രൊജക്ടുകൾക്ക് ഭേദഗതി വരുത്തി പുഴയോര റോഡുകൾക്കുള്ള സംരക്ഷണ പ്രവർത്തനം നടത്താൻ തുക കണ്ടെത്തും.
ഇതിന്റെ ഭാഗമായി ജില്ലാ പി.ഡബ്‌ള്യു.ഡി റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ കെ.പി വിനോദ് കുമാറിനൊപ്പം നഗരസഭാ സംഘം നഗരസഭയിലെ വിവിധ പുഴയോര റോഡുകളിലെ അപകടസാദ്ധ്യത പ്രദേശങ്ങൾ കണ്ടെത്തി നഗരസഭാ ചെയർമാൻ പ്രൊഫസർ കെ.പി ജയരാജൻ ,വൈസ് ചെയർമാൻ വി ഗൗരി, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി.എം സന്ധ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി .പി മുഹമ്മദ് റാഫി, മുൻസിപ്പൽ എൻജിനീയർ കെ. ഗണേശൻ, ഓവർസിയർ എം. സത്യൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.