കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണത്തിൽ സൈബർ അന്വേഷണം നടത്തണമെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആവശ്യപ്പെട്ടു. മരണത്തിന് പിന്നിൽ ആരെങ്കിലുമുണ്ടോ എന്നത് ജനങ്ങൾക്ക് അറിയണം. അതുകൊണ്ട് തന്നെ മരണത്തിൽ സൈബർ അന്വേഷണം നടത്തി യഥാർഥ വസ്തുത പുറത്ത് കൊണ്ടുവരണമെന്നുൺ അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോൺഗ്രസിനകത്ത് ആഭ്യന്തര തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. കെ സുരേന്ദ്രനെ മാനസികമായി തളർത്താനുള്ള ആക്രമണത്തിന് നേതൃത്വം കൊടുത്ത ആള് വിദേശത്താണ്. എന്നാൽ അതിനു പിന്നിൽ പ്രേരണ നൽകിയത് ആരാണെന്ന് സമഗ്രമായ അന്വേഷണം നടത്തി കണ്ടെത്തണം. അടുത്ത തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ മേയർ സ്ഥാനത്തെ പറ്റി കോൺഗ്രസിൽ തർക്കം ഉടലെടുത്തിരുന്നു. ഇത്തരം തർക്കങ്ങൾ കെ സുരേന്ദ്രനെ വേട്ടയാടിയിരുന്നു. ഇതിൽ മനംനൊന്താണ് സുരേന്ദ്രൻ മരണപ്പെട്ടതെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
മുൻ ഡി.സി.സി മെമ്പറും കണ്ണൂർ ബ്ലോക്ക് അഗ്രിക്കൾച്ചർ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായിരുന്ന കെ.കെ മോഹനന്റെ ദുരൂഹ മരണത്തിലും സമഗ്രമായ അന്വേഷണം വേണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. മോഹനൻ ഡി.സി.സി ഓഫിസ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച വ്യക്തിയാണ്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമാണ്. തളാപ്പിലെ ഒരു കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ഒരു മുൻ കോൺഗ്രസുകാരനും ഇപ്പോൾ ബ്ലേഡ് ഇടപാട് നടത്തുന്ന ആളുമായ ഒരാൾ മോഹനൻ മരിച്ച ദിവസം രാവിലെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് മോഹനൻ ആത്മഹത്യ ചെയ്യുന്നതെന്നും ജയരാജൻ പറഞ്ഞു .