കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ മരണത്തെ ചൊല്ലി കോൺഗ്രസ്സും സി.പി.എമ്മും നേർക്കുനേർ പോർ മുഖം തുറന്നു. കെ. സുരേന്ദ്രന്റെ മരണത്തിൽ സൈബർ അന്വേഷണം വേണമെന്ന് സി.പി. എം ആവശ്യപ്പെടുമ്പോൾ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും സൈബർ പൊലീസ് സി.പി. എമ്മിന്റേത് മാത്രമല്ലെന്നുമുള്ള വാദഗതിയുമായി കോൺഗ്രസ്സും രംഗത്തെത്തി. ഇതു സംബന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറി എം.വി..ജയരാജനും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും വാർത്താസമ്മേളനത്തിലാണ് മരണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ മറനീക്കി പുറത്തു വന്നത്..
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കണ്ണൂർ മേയർ സ്ഥാനം സുരേന്ദ്രൻ ആഗ്രഹിച്ചിരുന്നുവെന്ന പഴയ കോൺഗ്രസ് പ്രവർത്തൻ ദീവേഷ് ചേനോളിയുടെ ഫേസ് ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് വഴി തുറന്നിട്ടത്.സുരേന്ദ്രന്റെ മൃതദേഹം ചിതയിലേക്കെടുക്കും മുമ്പ് തന്നെ തല പൊക്കിയ വിവാദങ്ങൾ കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലാണ് കോൺഗ്രസ് നേതാക്കൾ സുരേന്ദ്രനെ അനുകൂലിച്ചും എതിർത്തും വിവിധ പോസ്റ്റുകൾ ഇട്ട് രംഗം കൊഴുപ്പിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ഹൃദയാഘാതത്തെ തുടർന്ന് സുരേന്ദ്രൻ മരണപ്പെട്ടത്.
ദീവേഷ് ചേനോളിയുടെ ഫേസ് ബുക്ക് പോസ്റ്റിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി ഡി.സി.സി ജനറൽ സെക്രട്ടറി കെ. പ്രമോദും രംഗത്തെത്തിയിരുന്നു.കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്കാണ് ഇത്തരം ആരോപണങ്ങൾ വിരൽ ചൂണ്ടുന്നത്.കെ. സുരേന്ദ്രന്റെ മരണത്തിനു തൊട്ടുമുമ്പ് ജൂൺ 17 നാണ് കോൺഗ്രസ് പ്രവർത്തകനും പ്രവാസി വ്യവസായിയുമായ ദീവേഷ് ചേനോളിയുടെ ഫെയ്സ് ബുക്ക് പേജിൽ നിന്ന് സുരേന്ദ്രനെതിരെ തുടർച്ചയായ ആരോപണങ്ങൾ വന്നത്. സുരേന്ദ്രന്റെ ചിത്രം ചേർത്തതായിരുന്നു ആരോപണങ്ങൾ.
അതിനിടെ ഒന്നു കൂടി കടന്ന് മറ്റൊരു മരണം കൂടി അന്വേഷിക്കണമെന്നും സി.പി.എം ആവശ്യപ്പെടുന്നു. കോൺഗ്രസ് നേതാവ് കെ.കെ.. മോഹനൻ നഗരത്തിലെ ഒരു വാടകവീട്ടിൽ തൂങ്ങിമരിച്ചതും പൊലീസ് അന്വേഷിക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം.തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കോർപ്പറേഷൻ മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസ്സിൽ ചില പുതിയ സമവാക്യങ്ങൾ ഉരുണ്ടുകൂടുന്ന സാഹചര്യങ്ങൾ കൂടി പുതിയ വിവാദങ്ങളുമായി ചേർത്തുവയ്ക്കേണ്ടതാണ്.