പയ്യാവൂർ: ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കാവുന്ന കാഞ്ഞിരക്കൊല്ലി മൺസൂൺ ടൂറിസത്തിന് ഒരുങ്ങി. ലോക്ക് ഡൗൺ ഇല്ലെങ്കിൽ ഈ മൺസൂൺ തകർക്കുമായിരുന്നുവെന്നാണ് ഇവിടെ എത്തിയവരുടെ അഭിപ്രായം.
കർണാടക അതിർത്തിയിൽ കോടമഞ്ഞിൻ താഴ്‌വരയിൽ മരംകോച്ചും തണുപ്പിന്റെ ലോക്ക്ഡൗണിൽ മഞ്ഞിൽകുളിച്ച് നിൽക്കുകയാണ് സുന്ദരിയായ കാഞ്ഞിരക്കൊല്ലി. ലോക്ക്ഡൗൺ കാലത്തും പലരും ഒളിഞ്ഞും തെളിഞ്ഞും എത്താറുണ്ട് കാഞ്ഞിരക്കൊല്ലിയെ ഒരുനോക്കു കാണാൻ. പയ്യാവൂരിലെ ഏറെ പ്രകൃതിസുന്ദരമായ പ്രദേശം കർണാടക കുടക് മലനിരകളാൽ ഹരിതാഭം. വെള്ളച്ചാട്ടങ്ങളുടെ താരാട്ട്... കുറിഞ്ഞിപ്പൂക്കൾ...വേഴാമ്പലുകളും കാട്ടാനകളും.... ഈ ലോക്ക്ഡൗൺ കാലത്ത് കാഞ്ഞിരക്കൊല്ലി അതീവ സുന്ദരിയാണ്. ഇനി വരുന്ന മാസങ്ങളും കാഞ്ഞിരക്കൊല്ലി ഇതേ പോലെയായിരിക്കും.
രാവിലെ മുതൽ രാത്രി വരെ കോടമഞ്ഞ് മൂടിയ സുന്ദരമായ പ്രദേശം. സുന്ദരിയായ കാഞ്ഞിരക്കൊല്ലിയെ, മഞ്ഞിൽ കുളിച്ച പ്രകൃതിയെ ഒളിഞ്ഞെങ്കിലും ഒന്ന് കാണാനെത്തുകയാണ് പലരും.
അടുത്ത കാലത്താണ് കാഞ്ഞിരക്കൊല്ലിയുടെ സൗന്ദര്യത്തെക്കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം നൂറുകണക്കിന് സഞ്ചാരികൾ കാഞ്ഞിരക്കൊല്ലിയുടെ കാഴ്ചകൾ ആസ്വദിക്കാൻ ഇവിടെയെത്താറുണ്ട്. കൊടൈക്കനാലിലെ ആത്മഹത്യാ മുനമ്പിന് സമാനമായ വലിയ കൊല്ലികൾ ഇവിടെയുണ്ടെന്നതാണ് ഈ മലമ്പ്രദേശത്തെ ശ്രദ്ധിക്കാനിടയാക്കിയത്. ഉയർന്നുനിൽക്കുന്ന മലനിരകളും കോടമഞ്ഞും നീലക്കുറിഞ്ഞിയുടെ വസന്തകാലവും കുളിർമയേകി ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും കാഞ്ഞിരക്കൊല്ലിയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.
കന്മദപ്പാറ, മുക്കുഴി , ഹനുമാൻപാറ, ശശിപ്പാറ, അളകാപുരി, ആനതെറ്റി വെള്ളച്ചാട്ടങ്ങൾ, ചിറ്റാരിപ്പുഴ, പൂമ്പാറ്റകളുടെ ആവാസ കേന്ദ്രമായ ഉടുമ്പ പുഴയോരം എന്നിവ സഞ്ചാരികളുടെ മനം കവരും.
4000 അടി ഉയരെ
സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരെയാണ് കർണാടക അതിർത്തിയിൽ കാഞ്ഞിരക്കൊല്ലി. തളിപ്പറമ്പ് താലൂക്കിലെ കിഴക്കൻ മലയോരത്താണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന, പ്രകൃതിഭംഗിയാർന്ന കാഞ്ഞിരക്കൊല്ലി.
ബൈറ്റ്
കോടമഞ്ഞ് മൂടിയ താഴ്‌വര കാണാൻ ഈ മഴക്കാലത്തും ഇവിടെ സഞ്ചാരികൾ എത്തുന്നു. മഴക്കാലത്താണ് കാഞ്ഞിരക്കൊല്ലി കൂടുതൽ മനോഹരിയാകുന്നത്-
എം.എൻ. ഹരിദാസ്
പ്രദേശവാസി