കൂത്തുപറമ്പ്: സി.ഐ.എസ്.എഫ്. ജവാന്മാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കൂത്തുപറമ്പ് വലിയവെളിച്ചത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ വലിയവെളിച്ചത്തെ ഹോസ്റ്റലിൽ താമസിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഏതാനും ദിവസത്തിനിടെ എട്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കണ്ണൂർ എയർപോർട്ടിൽ ഡ്യൂട്ടി ചെയ്യുന്ന സി.ഐ.എസ്.എഫ്. ജവാന്മാർ വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിലെ ഹോസ്റ്റലിലാണ് താമസിച്ചു വരുന്നത്. ജവാന്മാർക്കിടയിൽ രോഗബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വ്യവസായ വളർച്ചാകേന്ദ്രം ഉൾപ്പെടുന്ന മേഖലയിൽ ശക്തമായ നിയന്ത്രണം. ഹോസ്റ്റൽ ഉൾപ്പെടുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ 13 -ാംവാർഡ് അധികൃതർ കണ്ടെയിൻമെന്റ് ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നുദിവസങ്ങളിലായാണ് വലിയവെളിച്ചത്തെ എട്ട് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചത്. ഡൽഹി, യു.പി, ഹിമാചൽ പ്രദേശ് സ്വദേശികളാണ് രോഗബാധിതർ. അതേസമയം അടുത്ത ദിവസങ്ങളിൽ നാട്ടിൽ നിന്നും മടങ്ങിയ ഇവർ ഹോസ്റ്റലിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രോഗബാധിതർ ക്വാറന്റൈനിലായതിനാൽ പ്രദേശത്ത് സമ്പർക്കസാധ്യത വളരെ കുറവാണ്. എങ്കിലും ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിട്ടുള്ളത്. കണ്ണവം പൊലീസ് സ്ഥലത്തെത്തിയാണ് വലിയ വെളിച്ചം മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചത്.
കണ്ണൂർ വിമാനത്താവളത്തിലും ജാഗ്രത
നാല് സി. എസ്. എഫ്. എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽ കർശന ജാഗ്രതാ നിർദേശം നൽകി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥൻ കണ്ണൂർ വിമാനത്താവളത്തിലെത്തിയിരുന്നു. ഇതോടെ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് കമാൻഡന്റ് ഓഫീസ് അടച്ചു. ഇവിടെ ജോലിയിലുണ്ടായിരുന്ന 44 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്ക് മാറ്റി. അതേസമയം ഇപ്പോഴുണ്ടായ സംഭവം എയർപോർട്ട് പ്രവർത്തനത്തെ ബാധിക്കില്ലെന്നും ആശങ്ക വേണ്ടെന്നും കിയാൽ അധികൃതർ അറിയിച്ചു.