news
കേരളകൗമുദി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാർത്ത

കൂത്തുപറമ്പ്:ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുകയായിരുന്ന കൈതേരിഇടത്തിലെ കെ.വി. സജീവന്റെ കുടുംബത്തിന് താത്ക്കാലിക ആശ്വാസവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. വീടിനു മുകളിൽ ടാർപോളിൻ ഷീറ്റ് വിരിച്ചാണ് ചോർച്ചയ്ക്ക് പരിഹാരമുണ്ടാക്കിയത്. കേരളകൗമുദി വാർത്തയെ തുടർന്നാണ് താത്ക്കാലിക നടപടി.

മഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽക്കഴിയുകയായിരുന്ന നിർദ്ധന കുടുംബത്തിന്റെ അവസ്ഥ കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തതോടെയാണ് പുറം ലോകമറിയുന്നത്. കൈതേരി ഇടത്തിലെ വി.കെ.സജീവനും ഭിന്നശേഷിക്കാരിയായ മകളും അടങ്ങുന്ന കുടുംബമാണ് ജീർണ്ണാവസ്ഥയിലായ വീട്ടിൽ കഴിഞ്ഞിരുന്നത്. ഓട്ടോ തൊഴിലാളിയായ സജീവന്റെ ഏക ആശ്രയം തൊഴിലിൽ നിന്നുള്ള വരുമാനമാനം മാത്രമായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് പണി കുറഞ്ഞതോടെ ഏറെ പ്രയാസത്തിലായിരുന്നു കുടുംബം. ഇതിനിടയിൽ കാലവർഷം കനത്തതോടെ ദുരിതം ഇരട്ടിക്കുകയായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീടിന്റെ ചോർച്ച അടക്കാനുള്ള നടപടികൾ സ്വീകരിച്ചതെന്ന് കണ്ടംകുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രജീഷ് മാറോളിപറഞ്ഞു. രജീഷ് മാറോളി, എ.വി.രഞ്ചിത്ത്, എ.കെ.രമേശ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ടാർപോളിൻ ഷീറ്റുകൾ വിരിച്ച് ചോർച്ച അടച്ചത്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബമായിട്ടും സർക്കാരിൽ നിന്നോ, പഞ്ചായത്തിൽ നിന്നോ ഉള്ള യാതൊരു സഹായവും സജീവന് ലഭിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സജീവൻ.