കൂത്തുപറമ്പ്: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഹോട്ടൽ കൂത്തുപറമ്പിൽ പ്രവർത്തനമാരംഭിച്ചു. ഗവ :ഹയർ സെക്കൻ‌ഡറി സ്കൂൾ കാന്റീറിനാണ് ജനകീയ ഹോട്ടലായി പ്രവർത്തിക്കുന്നത്. 20 രൂപക്ക് ഊൺ വിതരണം ചെയ്യും. ലോക് ഡൗൺ ഘട്ടത്തിൽ കൂത്തുപറമ്പ് നഗരസഭയുടെ കമ്യൂണിറ്റി കിച്ചനായി പ്രവർത്തിച്ച സ്ഥലത്താണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്.

നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന മൂന്ന് ജനകീയ ഹോട്ടലുകളിൽ ആദ്യത്തേതാണ് മങ്ങാട്ട് വയലിൽ തുറന്നത്. ഗവ: ഹയർ സെക്കൻഡറി സ്കൂൾ കാന്റീനിൽ പ്രത്യേക സൗകര്യമൊരുക്കിയാണ് ജനകീയ ഹോട്ടലിന്റെ പ്രവർത്തനം. ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള ക്രമീകരണത്തോടൊപ്പം പാർസൽ നൽകാനുള്ള സൗകര്യവും ജനകീയഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. പാർസലിന് അഞ്ച് രൂപ അധികം നൽകേണ്ടതുണ്ട്.

സ്വരലയ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുക. നഗരസഭാ ചെയർമാൻ എം.സുകുമാരൻ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്.ചെയർപേഴ്സൺ ടി. റീന അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, വൈസ് ചെയർപേഴ്സൺ എം.പി.മറിയംബീവി, കൗൺസിലർ കെ. തങ്കമണി, എൻ. വാസു, കെ. അനീഷ്, വി. വിപിൻ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.