govindavarma-raja
ഗോവിന്ദവർമ്മരാജ

കണ്ണൂർ: 'നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്യൂ,​ ഞങ്ങൾ ഞങ്ങളുടെ ഡ്യൂട്ടി ചെയ്യും.'തനിക്കെതിരെ ഭീകരമായ ഒരു മർദ്ദനപരമ്പരയ്ക്ക് കാരണമായ ഒരു പൊലീസുകാരന്റെ വാക്കുകൾക്ക് താൻ നൽകിയ മറുപടി ഓർത്തെടുക്കുകയാണ് ഇ.കെ. ഗോവിന്ദവർമ്മരാജ. 45 വർഷം മുമ്പത്തെ ആ കാളരാത്രിയെ കുറിച്ച് പറയുമ്പോൾ കോഴിക്കോട് സർവ്വകലാശാലാ ഫോക് ലോർ പഠനവിഭാഗം തലവനായി വിരമിച്ച ഇദ്ദേഹത്തിന്റെ മനസ്സിൽ ഒരു കടലിരമ്പം വരും.

1975 ജൂൺ 26 മുതൽ അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് എല്ലാ ദിവസവും പയ്യന്നൂർ കോളേജിൽ നിന്നും അക്കാലത്ത് വർമ്മയെയും സുഹൃത്തുക്കളെയും പൊലീസ് പിടിച്ചു കൊണ്ടു പോകും. രാത്രി വൈകിയാണ് പലപ്പോഴും വിട്ടയച്ചിരുന്നത്. വേദന പിറ്റേ ദിവസമാണ് ശരിക്കും അറിയുക. ഒരിക്കൽ മൂന്നു നാലു ഇടിവണ്ടികളിലായി എത്തിയ കാക്കികുപ്പായക്കാർ പയ്യന്നൂർ കോളജിന്റെ ഓഫീസ് പിക്കറ്റ് ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്കൂട്ടത്തിലേക്ക് ചാടിക്കയറിയായിരുന്നു ഇടിച്ചത്. ലാത്തിയടിയേറ്റുവാങ്ങുമ്പോഴും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച തങ്ങൾ 16 പേരെയും ബലം പ്രയോഗിച്ച് പൊലീസ് വണ്ടിയിൽ കയറ്റി. യാത്രയിലുടനീളം തോക്കിന്റെ പാത്തി കൊണ്ടുള്ള അടിയായിരുന്നു. സമരത്തിലുണ്ടായിരുന്ന പതിനാറ് എസ്.എഫ്.ഐക്കാരെയും ലോക്കപ്പിലടച്ചു.

അവിടെ വച്ചും മർദ്ദനം തുടർന്നു. ഓരോ അടിയേൽക്കുമ്പോഴും കണ്ണിൽ നിന്ന് തീ പാറുന്ന അനുഭവം. കൈവെള്ളയിലും കാൽ വെള്ളയിലും ലാത്തികൊണ്ടടി. പൊക്കിൾ തിരുമ്മി പിടിച്ച് പിന്നോട്ട് തള്ളുമ്പോൾ വേദന കൊണ്ട് പുളയും. മുൻവശത്തു നിന്ന് ഒരാൾ അടിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റ് പൊലീസുകാർ പിറകിൽ നിന്നും വശങ്ങളിൽ നിന്നും അടിക്കും. രണ്ടും മൂന്നും ഊഴവുമൊക്കെയാകുമ്പോഴേക്ക് ജീവൻ പോകുന്ന വേദന ശേഷിക്കും.

കാസർകോട് സബ് ജയിലിൽ

കാസർകോട് സബ് ജയിലിൽ റിമാൻ‌ഡിൽ കഴിയുമ്പോൾ നാലു പേർക്കിരിക്കാവുന്ന സെല്ലിൽ 16 പേരെ പാർപ്പിച്ചു. ഇതിനെതിരെ സി.പി.എം.നേതാവ് സി. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നിരാഹാരം കിടന്നു. ഉടൻ പതിനാറുപേരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. സി.പി.എം. നേതാക്കളും എം.എൽ.എമാരുമായിരുന്ന എ.വി.കുഞ്ഞമ്പു, ടി കെ.ചന്തൻ, കെ.ചാത്തുണ്ണി എന്നിവരും ട്രേഡ് യൂണിയൻ നേതാക്കളായ സി.കണ്ണൻ, ഒ. ഭരതൻ, പി.വി. കൃഷ്ണൻ, എസ്.എഫ്.ഐ. നേതാവായിരുന്ന പി.ശശി എന്നിവരും സഹതടവുകാരായിരുന്നു.

പ്രായത്തിൽ ചെറിയവൻ എന്ന നിലയിൽ എ.വി.ക്കുണ്ടായിരുന്ന വാത്സല്യം ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു.

പിന്നീട് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചതുവരെ എല്ലാ ശനിയാഴ്ചയും പയ്യന്നൂർ സി.ഐയ്ക്ക് മുമ്പാകെ ഒപ്പിടണമായിരുന്നു.