മാഹി: കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ടെക്സ്റ്റൈയിൽ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മാഹിയിലെ ഏക പൊതുമേഖല വ്യവസായ ശാലയായ ഈസ്റ്റ് പള്ളൂരിലെ കേനന്നൂർ സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽ മാഹി ശാഖയിലെ തൊഴിലാളികൾ ജോലിയും കൂലിയുമില്ലാതെ ദുരിതത്തിൽ. പ്രതിഷേധവുമായി തൊഴിലാളികൾ ഓഫീസ് ഉപരോധിച്ചു. മാഹി ഗവ. ഹൗസിൽ റീജ്യണൽ അഡ്മിനിസ്‌ട്രേറ്ററുടെ ചേമ്പറിൽ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വ്യാഴാഴ്ച പ്രശ്ന പരിഹാര ചർച്ച നടത്താമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ച് പിരിഞ്ഞു പോയത്.യൂണിയൻ നേതാക്കളായ വി. വത്സരാജ്, സത്യജിത് കുമാർ, വി.എം. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ കാരണം ഏകദേശം മൂന്ന് മാസത്തോളമായി മിൽ പൂട്ടിയിരിക്കുകയാണ്. ഈ കാലയളവിൽ ഏപ്രിൽ മാസം ലഭിക്കേണ്ട ശമ്പളത്തിന്റെ 70 ശതമാനം മാത്രമേ തൊഴിലാളികൾക്ക് നൽകിയിട്ടുള്ളു. മേയ്, മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തതിനെ തുടർന്ന് മാനേജ്‌മെന്റുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ 35 ശതമാനം ശമ്പളം അനുവദിക്കാമെന്ന നിലാപാടിലായിരുന്നു മാനേജ്‌മെന്റ് .സർക്കാറിനെ ബോധിപ്പിക്കാൻ മുഴുവൻ തൊഴിലാളികളുടെയും ഇ.പി.എഫും ഇ.എസ്.ഐ പൂർണ്ണമായും അടച്ചു. തൊഴിലാളികളോട് 50 ശതമാനം ശമ്പളം മതിയെന്ന് സത്യവാങ്ങ്മൂലം എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടതായും ആരോപണമുയർന്നിട്ടുണ്ട്.

ഇതിനിടയിൽ കുടുംബത്തിന്റെ ഏക ആശ്രയമായ വരുമാനം ലഭിക്കാതെ കഴിഞ്ഞ ആഴ്ച ഒരു തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടി. മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന മില്ലിൽ എകദേശം 218 ഓളം പേരാണ് സ്ഥിരം ജീവനക്കാരായുള്ളത്. ഇതിനു പുറമേ ദിവസക്കൂലിക്കായി ജോലി ചെയ്യുന്നവരുമുണ്ട്

തൊഴിലാളികളുടെ തുച്ഛമായ വേതനം മുടക്കി ഓഫീസിലെ മാനേജ്‌മെന്റ് ജീവനക്കാരുടെ ഭീമമായ മുഴുവൻ ശമ്പളവും നൽകുന്നത് മാനേജ്മെന്റിന്റെ ഇരട്ടത്താപ്പാണ്- യൂണിയൻ ഭാരവാഹികൾ