court

കാസർകോട്: കാസർകോട് നഗരത്തെ ദിവസങ്ങളോളം വർഗീയകലാപത്തിലേക്ക് തള്ളിവിട്ട നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപിന്റേതടക്കം ജില്ലയിലെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ വെറുതെവിട്ടു. സന്ദീപ് വധക്കേസിലെ പ്രതികളായ പൊവ്വലിലെ മുഹമ്മദ് റഫീഖ് (35), ഫോർട്ട് റോഡിലെ ഷഹൽ ഖാൻ (35), ചെങ്കള നാലാംമൈൽ സ്വദേശി പി .എ അബ്ദുർ റഹ്മാൻ (48), വിദ്യാനഗറിലെ എ.എ. അബ്ദുൽ സത്താർ (42), ചെങ്കള തൈവളപ്പിലെ കെ.എം അബ്ദുൽ അസ്ലം (38), ഉളിയത്തടുക്കയിലെ എം.ഹാരിസ് (38), അണങ്കൂരിലെ ഷബീർ (36), ഉളിയത്തടുക്കയിലെ മുഹമ്മദ് റാഫി (40) എന്നിവരെയും മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അബ്ദുൽസത്താർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കൊടിബയലിലെ മുഹമ്മദ് ഫാറൂഖ്, ഇബ്രാഹിം ഖലീൽ, സൈനുദ്ദീൻ എന്നിവരെയും അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ സി.പി.എം പ്രവർത്തകനായ നാരായണനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിജയൻ, ശ്രീനാഥ്, പുഷ്പരാജ്, ആനന്ദ് എന്നിവരെയുമാണ് ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) കോടതി വിട്ടയച്ചത്.

നാരായണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം ബി.ജെ.പി പ്രവർത്തകരാണ്. സന്ദീപ് വധക്കേസിൽ ഒമ്പത് പ്രതികളാണ് കേസിലുള്ളതെങ്കിലും എട്ട് പ്രതികളാണ് വിചാരണ വേളയിൽ ഹാജരായത്. ഒരു പ്രതിക്കെതിരെയുള്ള വിചാരണ പിന്നീട് നടക്കും.അബ്ദുൾസത്താർ വധക്കേസിലെ നാലുപ്രതികളിൽ ഒരാൾ ഹാജരായില്ല. വിചാരണക്ക് ഹാജരാകാത്ത പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

സന്ദീപ് വധക്കേസിലെ പ്രധാനസാക്ഷികൾ അടക്കം ഭൂരിഭാഗം സാക്ഷികളും കൂറുമാറിയിരുന്നു. അബ്ദുൾസത്താർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രോസിക്യൂഷന് പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാനായില്ല. നാരണൻ കൊലക്കേസിലും ഭൂരിഭാഗം സാക്ഷികളും കൂറുമാറി.