ഇരിട്ടി : തുടർച്ചയായി 10ാം ദിവസവും ആറളം പറമ്പത്ത്കണ്ടിയിലെ ജനവാസകേന്ദ്രത്തിലെത്തി. വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും കറങ്ങി നടക്കുന്ന ആനകൾ ഓരോ ദിവസവും നിരവധി പേരുടെ കാർഷിക വിളകളാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നും എത്തി ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനകളാണ് ആറളം പഞ്ചായത്തിലെ പറമ്പത്തെകണ്ടി ,പെരുമ്പഴശി, കൊക്കോട് മേഖലകളിൽ സ്ഥിരമായി എത്തുന്നത്.
തുടർച്ചയായി 10ാം ദിവസവും പറമ്പത്തെക്കണ്ടിയിൽ എത്തിയ കാട്ടാന കൂട്ടം നിരവധി കർഷകരുടെ തെങ്ങുകളും കവുങ്ങുകളും വാഴകളും നശിപ്പിച്ചു. കുളങ്ങരത്ത് ഗോപിയുടെ 5 തെങ്ങാണ് കാട്ടാന കൂട്ടം നശിപ്പിച്ചത് .കുളങ്ങരത്ത് കണ്ണന്റെ വീട്ടുമുറ്റത്ത് തന്നെയുള്ള തെങ്ങും കാട്ടാന മറിച്ചിട്ടു. താഴെ വീട്ടിൽ രാഘവൻ , കൊട്ടാരത്തിൽ അയ്യൂബ്, പി. സി. ഇബ്രാഹിം, പുറപ്പുഴ തങ്കച്ചൻ എന്നിവരുടെ കാർഷിക വിളകളും കാട്ടാന നശിപ്പിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് വരാനാണ് പ്രദേശവാസികളുടെ തീരുമാനം.