മൂന്നു പേർക്ക് സമ്പർക്കം വഴി
അഞ്ചു പേർക്ക് രോഗമുക്തി
കണ്ണൂർ: ജില്ലയിൽ 17 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. മൂന്നു പേർ വിദേശത്ത് നിന്നും 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
ജൂൺ 20ന് കുവൈറ്റിൽ നിന്നെത്തിയ രാമന്തളി സ്വദേശി 60കാരൻ, 18ന് കുവൈറ്റിൽ നിന്നെത്തിയ മുണ്ടേരി സ്വദേശി 49കാരൻ, ഏഴിന് ഖത്തറിൽ നിന്നെത്തിയ കരിവെള്ളൂർ പെരളം സ്വദേശി 51കാരൻ എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.
ജൂൺ ആറിന് മംഗലാപുരത്തു നിന്ന് നേത്രാവതി എക്സ്പ്രസിൽ കണ്ണൂരിലെത്തിയ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ 58കാരൻ, 15ന് മുംബൈയിൽ നിന്ന് നേത്രാവതി എക്സ്പ്രസിൽ കണ്ണൂരിലെത്തിയ ആലക്കോട് സ്വദേശി 36കാരൻ, ഇതേദിവസം ബെംഗളൂരുവിൽ നിന്ന് ബസ് മാർഗം എത്തിയ മട്ടന്നൂർ സ്വദേശി 25കാരൻ, 18ന് ഡൽഹിയിൽ നിന്ന് രാജധാനി എക്സ്പ്രസിൽ കോഴിക്കോട് വഴിയെത്തിയ പായം സ്വദേശി 27കാരൻ, ജൂൺ 19ന് ഡൽഹിയിൽ നിന്ന് ഇതേ ട്രെയിനിൽ കോഴിക്കോട് വഴിയെത്തിയ കൊട്ടിയൂർ സ്വദേശികളായ 56കാരി, 23കാരി, 36കാരൻ, ആറ് വയസ്സുകാരൻ, രണ്ട് വയസ്സുകാരൻ, 20ന് ഗുജറാത്തിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ പിണറായി സ്വദേശി 58കാരൻ, ഇതേദിവസം ബെംഗളൂരുവിൽ നിന്ന് ടാക്സി മാർഗമെത്തിയ കാടാച്ചിറ സ്വദേശി 42കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. കൂത്തുപറമ്പ് സ്വദേശിയായ 27കാരി, മുഴപ്പിലങ്ങാട് സ്വദേശി 49കാരി, മൈസൂർ സ്വദേശിയായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ 52കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 372 ആയി. ഇവരിൽ 250 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരിൽ അഞ്ചു പേർ ഇന്നലെയാണ് ഡിസ്ചാർജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന പാപ്പിനിശ്ശേരി സ്വദേശി 49കാരി, വേങ്ങാട് സ്വദേശി 55കാരൻ, കാഞ്ഞിരോട് സ്വദേശി 19കാരൻ, തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരിങ്ങത്തൂർ സ്വദേശി 31കാരൻ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന 81കാരൻ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടത്.

ആറു വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ
ജില്ലയിലെ ആറ് തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. മട്ടന്നൂർ നഗരസഭയിലെ നാലാം വാർഡ്, ആലക്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡ്, പിണറായി പഞ്ചായത്തിലെ അഞ്ചാം വാർഡ്, കൊട്ടിയൂർ പഞ്ചായത്തിലെ 11ാം വാർഡ്, കരിവെള്ളൂർ പെരളം പഞ്ചായത്തിലെ ഒൻപതാം വാർഡ്, മുണ്ടേരി പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവയാണ് പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടത്. നേരത്തേ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന പാപ്പിനിശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി.